കുട്ടനാടൻ വൈക്കോലിന് പ്രിയം കുറയുന്നു
ആലപ്പുഴ: ഈർപ്പം കൂടി ഗുണനിലവാരം കുറഞ്ഞതോടെ, ക്ഷീര കർഷകർക്ക് കുട്ടനാടൻ വൈക്കോലിനോടുള്ള പ്രിയം കുറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വൈക്കോലാണ് പകരക്കാരന്റെ റോളിലെത്തുന്നത്.
സംസ്ഥാനത്തെ പല ജില്ലകളിലെയും കർഷകർ കുട്ടനാടൻ വൈക്കോൽ തേടിയെത്തുമായിരുന്നു. യന്ത്രമുപയോഗിച്ചുള്ള കൊയ്ത്ത് തുടങ്ങിയ ശേഷം പഴയ ഡിമാൻഡ് കുറഞ്ഞു.
ഈർപ്പക്കൂടുതലും ഗുണനിലവാരം കുറയുന്നതിനാലും ക്ഷീരകർഷകർ തമിഴ്നാട്ടിലെ വൈക്കോലാണ് വാങ്ങുന്നത്.
കുട്ടനാട്ടിൽ നിന്നുള്ള വൈക്കോലാണ് ജില്ലയിലെയും സമീപ ജില്ലകളിലെയും ക്ഷീരകർഷകർ വാങ്ങിയിരുന്നത്. ചെലവ് കൂടുതലും ഉപയോഗ ശൂന്യമാകുന്നതുമാണ് കുട്ടനാടൻ കാർഷിക മേഖലയിലെ വൈക്കോൽ ക്ഷീരകർഷകർ ഉപേക്ഷിക്കാൻ കാരണം. തമിഴ്നാട്ടിൽ നിന്നുള്ള വൈക്കോൽ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാം. കുട്ടനാട്ടിൽ നിന്നുള്ള വൈക്കോൽ ആവിയിൽ നിന്നുള്ള ചെറിയ ഈർപ്പം തട്ടിയാൽ മതി പൊടിഞ്ഞ് ഉപയോഗ ശൂന്യമാകും. കൊയ്ത്ത് യന്ത്രം വ്യാപകമായതോടെ തൊഴിലാളികൾ കൊയ്ത്തിൽ നിന്ന് പിൻമാറി. യന്ത്രം ഉപയോഗിച്ച് നെൽചെടികളുടെ കാണ്ഡത്തിന്റെ നീളം കുറച്ച് കതിർ മാത്രമാണ് കൊയ്യുന്നത്. മെതിക്കുന്നതിനാൽ കച്ചിയുടെ തണ്ട്ചതഞ്ഞ് ഇതളുകൾ പൊടിഞ്ഞാണ് പുറന്തള്ളുന്നത്.
ഈ കച്ചി ദീർഘനാൾ സൂക്ഷിക്കാൻ കഴിയില്ല. ആദ്യമൊക്കെ ക്ഷീരകർഷകർ ഉണക്കി സൂക്ഷിക്കാൻ തുടങ്ങിയെങ്കിലും ചെറിയ തണുപ്പിലും കച്ചി പൂർണ്ണമായും പൊടിഞ്ഞ് നശിച്ചു തുടങ്ങി. 20, 30 കിലോ വീതമുള്ള ചെറിയ കെട്ടുകളാക്കിയാണ് കർഷകർ കച്ചി ശേഖരിക്കുന്നത്. ഉണക്കി സൂക്ഷിച്ച കച്ചി തുറുവാക്കുമ്പോൾ ഒന്നരവർഷം വരെ, ഉപയോഗിച്ചാലും നശിക്കാറില്ല.
പദ്ധതി പൊളിഞ്ഞു
കെട്ടായി കുട്ടനാട്ടിൽ നിന്ന് ശേഖരിക്കുന്ന കച്ചി ആറുമാസത്തിൽ കൂടുതൽ കേടാകാതെ സൂക്ഷിക്കാൻ കഴിയില്ല. വൈക്കോൽ ശേഖരിച്ച് സമ്പുഷ്ടീകരിച്ച് കെട്ടുകളാക്കി സൂക്ഷിക്കുന്ന പദ്ധതി സർക്കാർ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. തമിഴ്നാട്ടിൽ നിന്ന് മൂന്നു കിലോ തൂക്കമുള്ള ചെറു കെട്ടുകളായാണ് വൈക്കോൽ എത്തുന്നത്.
എടുക്കാൻ ആളില്ല
വെറുതെ കിട്ടിയാലും കുട്ടനാടൻ പാടത്തു നിന്ന് വൈക്കോൽ ശേഖരിക്കാൻ ക്ഷീരകർഷകർക്ക് മടിയാണ്. മുമ്പ് തൊഴിലാളികൾ കൊയ്യുന്ന നെൽകറ്റ വള്ളമോ വാഹനമോ എത്തുന്ന തരത്തിലുള്ള കളത്തിലാണ് ശേഖരിക്കുന്നത്. മെതിച്ചെടുക്കുന്ന കച്ചി കളത്തിനോട് ചേർന്ന ബണ്ടുകളിൽ തോണിയിൽ ശേഖരിച്ച് ക്ഷീരകർഷകർ കുറഞ്ഞ ചെലവിൽ കൊണ്ടുപോകുന്നതാണ് പതിവ്. യന്ത്രവത്കരണം വഴി വിളവെടുപ്പ് ആരംഭിച്ചതോടെ കച്ചി പാടശേഖരങ്ങളിൽ തന്നെ നിക്ഷേപിക്കപ്പെടുന്നു. കൂലി കൂടുതലായതിനാൽ പാടശേഖരങ്ങളുടെ നടുവിൽ കച്ചിയെടുക്കാൻ ആരും തയ്യാറാകുന്നില്ല. ഒരു ഏക്കറിൽ കച്ചി ശേഖരിക്കാൻ കുറഞ്ഞത് ഏഴു തൊഴിലാളികൾ വേണ്ടിവരും. ഇവരുടെ വേതനം കണക്കിലെടുക്കുമ്പോൾ തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കച്ചിത്തിരി കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് ക്ഷീരകർഷകർ പറയുന്നു.
കച്ചിത്തുറുവ് കാണാനില്ല
ഗ്രാമീണ മേഖലയിലെ വീടുകളുടെ മുന്നിൽ കൗതുക കാഴ്ചയായിരുന്ന കച്ചിത്തുറുവുകൾ കുട്ടനാട്ടിൽ പോലും കാണാനില്ല. തുറു ഇടൽ വീട്ടിലെ കുട്ടികൾക്ക് ആവേശമായിരുന്നു. തുറുവിന്റെ മുകളിൽ കച്ചി എത്തിക്കാൻ കുട്ടികൾ മത്സരിച്ചിരുന്നു. പലവിധ കാരണത്താൽ തുറുവുകൾ അപ്രത്യക്ഷമായി.
വില
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കച്ചി കെട്ട് (രണ്ടര കിലോ)- 30 രൂപ
കുട്ടനാടൻ വൈക്കോൽ
20കിലോ കെട്ട്-300രൂപ
30കിലോ കെട്ട്-400രൂപ
കെട്ടുകൂലി
ബെയിലർ യന്ത്രത്തിൽ
20കിലോ കെട്ട്-60രൂപ
30കിലോ കെട്ട്-70രൂപ
ഒരു ഏക്കറിൽ നിന്ന് ലഭിക്കുന്നത് 20കിലോ ഭാരമുള്ള 40കെട്ട് കച്ചി
"കുട്ടനാടൻ പാടശേഖരത്ത് നിന്ന് രണ്ടാം കൃഷിക്ക് ലഭിക്കുന്ന വൈക്കോൽ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ ശേഖരിക്കാൻ ആരും ഉണ്ടാകാറില്ല. ഇത് പാടശേഖരങ്ങളിൽ കത്തിക്കുകയാണ് പതിവ്. ഷെഡ് സ്ഥാപിക്കാൻ താത്പര്യമുള്ള കർഷകർക്ക് സബ്സിഡി നൽകാൻ സർക്കാർ പദ്ധതി തയ്യാറാക്കണം"
നെൽകർഷകൻ
"തമിഴ്നാട്ടിൽ നിന്ന് ലഭിക്കുന്ന കച്ചി അല്പം പോലും കാലികൾ നഷ്ടപെടുത്തില്ല. ജില്ലയിൽ നിന്ന് വാങ്ങുന്ന കച്ചിക്ക് ഈർപ്പവും വിലയും കൂടുതലാണ്. 20 കിലോ കെട്ടിന് 300 രൂപയാണ്. തമിഴ്നാട് വൈക്കോൽ ഇത്രയും തൂക്കത്തിന് 240രൂപ വലകൊടുത്താൽ മതി"
അഭിലാഷ്, ക്ഷീരകർഷകൻ, തോട്ടപ്പള്ളി.