ആലപ്പുഴ: ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. സമരക്കാരെ പിടിച്ചു വിടാൻ പൊലീസ് ലാത്തി വീശി.22 കെ.എസ്.യു പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു. എല്ലാവരും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ എ.പുതിയിടം, ജില്ലാ ഭാരവാഹി അൻസിൽ ജലീൽ, കൊച്ചി സർവകലാശാല സെനറ്റ് അംഗം അബാദ് ലുത്തുബി, അജ്മൽ കണ്ടല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ് വിവേക് പ്രകാശ്, ജില്ല ജനറൽ സെക്രട്ടറിമാരായ എ.ഡി.തോമസ്, അനന്തനാരായണൻ, വിശാഖ് പത്തിയൂർ, സുർമി ഷാഹുൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എസ്.ഷെഫീക്ക്, റിയാസ് മുണ്ടകത്തിൽ, റിയാസ് പത്തിശ്ശേരിൽ, അൻസിൽ മാന്നാർ, ഭാരവാഹികളായ ഉബൈസ് റഷീദ്, വിശാഖ് വിജയൻ, രാജിക, ഗോകുൽനാഥ്, മാഹിൻ മുപ്പതിൽ, ലിബുവെൺമണി, സച്ചിൻ, യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻകോയ എന്നിവരാണ് പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ പൊലീസുകാരും പ്രാഥമിക ചികിത്സതേടി.
ഇന്നലെ ഉച്ചക്ക് 1.20ഓടെയാണ് കളക്ടറേറ്റിന് മുൻവശം പോർക്കളമായി മാറിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിധിൻ എ.പുതുയചിറയുടെ നേതൃത്വത്തിൽ വനിത പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് പ്രകടനമായി കളക്ടറേറ്റിന് മുന്നിൽ എത്തി. ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജ്, സൗത്ത് സി.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നിലയുറപ്പിച്ച വൻ പൊലീസ് സംഘം സമരക്കാരെ തടഞ്ഞു. ലാത്തിച്ചാർജിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ പിന്നീട് പൊലീസ് ജീപ്പിലാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ പ്രകോപനം ഉണ്ടായി.
ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു- എം.ലിജു
ആലപ്പുഴ : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ് യു പ്രവർത്തകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, ജോൺസൺ എബ്രഹം എന്നിവരും പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ, കെ.പി.ശ്രീകുമാർ, എം.ജെ.ജോബ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനുചുള്ളിയിൽ. എം.പി.പ്രവീൺ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.