പെരുമ്പാവൂർ: മൂന്ന് അൽക്വ ഇദ തീവ്രവാദികൾ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായതോടെ ആശങ്കയുടെ മുൾമുനയിലായി പെരുമ്പാവൂർ. കേരളത്തിൽ ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടമെന്ന ഖ്യാതി തന്നെയാണ് തദ്ദേശീയരുടെ ആശങ്ക വർദ്ധിക്കാൻ കാരണം. പെരുമ്പാവൂരിലെ ഭൂരിഭാഗം സ്ഥാപനങ്ങളിലും അന്യസംസ്ഥാനക്കാർ തൊഴിലെടുക്കുന്നുണ്ട്. യാതൊരു രേഖയും ഇല്ലാത്തവരാണ് അധികം പേരും. എന്നാൽ പൊലീസോ അധികൃതരോ ഇക്കാര്യം പരിശോധിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രമാദമായ കേസുകളോ മറ്റൊ ഉണ്ടാകുമ്പോൾ മാത്രം പേരിന് പരിശോധന നടത്തുകയാണ് ചെയ്യുന്നതെന്നും ഇവർ പങ്കുവയ്ക്കുന്നു.
പാറമട തൊഴിലാളിയായി
മാവോയിസ്റ്റ് മല്ലരാജറെഡ്ഡി
കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡി ഏതാനും വർഷങ്ങൾക്ക് മുമ്പ് പിടിയിലായത് പെമ്പാവൂരിൽ നിന്നാണ്. ഇയാൾ നാട്ടുകാരുമായും അടുപ്പമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. പാറമടത്തൊഴിലാളിയായിട്ടായിരുന്നു ഇവിടെ മല്ലരാജറെഡ്ഡി കഴിഞ്ഞിരുന്നത്. ബംഗാളിൽ നിന്നും കഞ്ചാവ് എത്തിക്കുന്നതിൽ അന്യസംസ്ഥാതൊഴിലാളികൾക്ക് പ്രധാന പങ്കുണ്ടെന്ന് എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നിരവധി മുർഷിദാബാദ് സ്വദേശികളും വിവിധ കേസുകളിൽ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ അക്രമവാസന പെരുകിയിട്ടുണ്ടെന്ന് പൊലീസ് കേസുകൾ വ്യക്തമാക്കുന്നു.
പ്രത്യേക ഏജൻസികൾ
അന്യസംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂരിൽ എത്തിക്കുന്നതിന് പ്രക്യേക ഏജൻസികൾ തന്നെ പ്രവർത്തിക്കുന്നണ്ടത്രേ. ആധാർകാർഡ് അടക്കമുള്ള രേഖകൾ വ്യാജമായി നിർമ്മിച്ച് നൽകുന്നത് ഇത്തരം ഏജൻസികളാണെന്നാണ് പൊലീസടക്കം കരുതുന്നത്. കൃത്യമായ പരിശോധനയും നിരീക്ഷണവും ഇല്ലെങ്കിൽ വരും നാളുകളിലും ഭീകര പ്രവർത്തകരടക്കം പെരുമ്പാവൂർ രഹസ്യകേന്ദ്രമാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.