ആലപ്പുഴ: ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കുള്ള 101 ഭവന സമുച്ചയങ്ങളിൽ 29 എണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ 24 ന് രാവിലെ 11.30 ന് ഓൺലൈനിൽ നിർവഹിക്കും. രണ്ട് പാർപ്പിട സമുച്ചയങ്ങൾ ആലപ്പുഴ ജില്ലയിലാണ്.
മണ്ണഞ്ചേരിയിലെ ഭവന സമുച്ചയത്തിന് മന്ത്റി ജി.സുധാകരനും പള്ളിപ്പാട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തറക്കല്ലിടും. സർക്കാരിന്റെ 100 ദിനം നൂറ് പദ്ധതികളുടെ ഭാഗമായാണ് നിർമ്മാണം. മന്ത്റി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്റിമാരായ ഇ.ചന്ദ്രശേഖരൻ, തോമസ് ഐസക്, കെ. കൃഷ്ണൻകുട്ടി,എ.കെ. ബാലൻ, എം.എം. മണി, ജെ.മേഴ്സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണൻ,കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നവകേരള കർമ്മ പദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് തുടങ്ങിയർ പങ്കെടുക്കും. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കളക്ടർ എ.അലക്സാണ്ടർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പി.ഉദയസിംഹൻ,പ്രോജക്ട് ഡയറക്ടർ എ. പ്രദീപ് കുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും.തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം പറയും.
മണ്ണഞ്ചേരിയിൽ 28 ഫ്ളാറ്റുകൾ
ആലപ്പുഴ മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ മന്ത്റി ജി.സുധാകരൻ തറക്കല്ലിടുന്ന സമുച്ചയത്തിൽ നാല് നിലകളിലായി 28 ഫ്ളാറ്റുകളാണ് നിർമ്മിക്കുന്നത്. 54 സെന്റിലാണ് ഭവന സമുച്ചയം. 445 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഓരോ ഫ്ളാറ്റിലും രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക. 4.75 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമി ഹൗസിംഗ് ലിമിറ്റഡ് ആണ്.
സമുച്ചയത്തിന്റെ ഭാഗമായി, മുതിർന്നവർക്കുള്ള പ്രത്യേക മുറി,സിക്ക് റൂം, കോമൺ ഫെസിലിറ്റി റൂം, ക്രീച്ചേ, റിക്രിയേഷൻ റൂം, ഇലകട്രിക്കൽ റൂം, മലിനജല ശുചീകരണ പ്ലാന്റ്, സൗരോർജ സംവിധാനം എന്നിവയുണ്ടാവും. ലൈഫ് മിഷനിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ടത്തിൽ 53 വീടുകളും രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത 382 വീടുകളിൽ 350 വീടുകളും ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ട്.
പള്ളിപ്പാട്ട് 44 ഫ്ളാറ്റുകൾ
7.10 കോടി ചെലവുള്ള സമുച്ചയത്തിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമി ഹൗസിംഗ് ലിമിറ്റഡ് ആണ്.445 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ഓരോ ഫ്ളാറ്റിലും രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിങ്ങനെയാണ് ഉണ്ടാകുക.പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്താണ് നിർമ്മാണം.. ആറുമാസമാണ് നിർമ്മാണ കാലാവധി. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്ത 55 വീടുകളും രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത 66 വീടുകളിൽ 56ഉം പൂർത്തീകരിച്ചിട്ടുണ്ട്.