കോട്ടയം: ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കു മാത്രമായി ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജനറൽ ആശുപത്രിയിൽ നവീകരിച്ച ഔട്ട് പേഷ്യൻ്റ് - അത്യാഹിത വിഭാഗങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ ചെലവഴിച്ചാണ് ഔട്ട് പേഷ്യൻ്റ് - അത്യാഹിത വിഭാഗങ്ങൾ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് 2.3 കോടി ചെലവിട്ടാണ് ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് സജ്ജമാക്കിയത്.
മാമോഗ്രഫി യൂണിറ്റിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി വീഡിയോ കോൺഫറൻസിലൂടെ മുഖ്യ പ്രഭാഷണം നടത്തി. ജോസ് കെ. മാണി എം.പി ഓൺലൈനിൽ സന്ദേശം നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. ശോഭ സലിമോൻ, വി.എൻ വാസവൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സഖറിയാസ് കുതിരവേലിൽ, ലിസമ്മ ബേബി, അംഗങ്ങളായ പി. സുഗതൻ, ബെറ്റി റോയ് മണിയങ്ങാട്ട്, ജയേഷ് മോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ,ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി തുടങ്ങിയവർ പങ്കെടുത്തു.