കരട് ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: നൂറു കോടി രൂപ വരെ മുതൽമുടക്കുള്ള വ്യവസായ നിക്ഷേപകർക്ക് ഏഴ് പ്രവൃത്തി ദിവസത്തിനകം ലൈസൻസ് അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ നിയമ ഭേദഗതി ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവിൽ പത്ത് കോടി വരെ മുതൽമുടക്കുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് വിശദാംശങ്ങൾ ബന്ധപ്പെട്ട സൈറ്റിൽ അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വ്യവസായങ്ങൾ ആരംഭിക്കാം. അതിന് മുകളിലേക്ക് അത്തരം അനുമതിയില്ലായിരുന്നു.
കൂടുതൽ വ്യവസായനിക്ഷേപകരെ ആകർഷിക്കാനായാണ് ഇപ്പോൾ 100 കോടി വരെ മുതൽമുടക്കുള്ളവർക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് നൽകാനുള്ള വ്യവസ്ഥ കൊണ്ടുവരുന്നത്. വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം.
കേരള സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്ര മത്സ്യനിയന്ത്രണ നിയമത്തിൽ (1980) ഭേദഗതി വരുത്താൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.