തിരുവനന്തപുരം: മന്ത്രിമാരും മനുഷ്യരാണെന്നും, അവർ ബന്ധപ്പെടുന്നവരിൽ രോഗബാധിതരുണ്ടായാൽ അവർക്കും രോഗം ബാധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ സമരം കാരണമാണോ മന്ത്രിമാർക്ക് കൊവിഡ് ബാധിച്ചതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ നല്ല പ്രതിരോധമായിരുന്നു.
കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള സമരങ്ങളും ഓണാഘോഷവും വ്യാപനം കൂട്ടി. ഇത് ഏതെങ്കിലുമൊരു കൂട്ടരുടെ വിജയമോ പരാജയമോ അല്ല. . കൊവിഡ് വ്യാപനം ക്രമാനുഗതമായാണ്. വ്യാപനം വരാതിരിക്കാനുള്ല ജാഗ്രതയും കരുതലുമാണ് പൊതുവെ സ്വീകരിക്കേണ്ടത്. വലിയ സംഘം ചേർന്ന് അകലം പാലിക്കാതെ തൊട്ടുരുമ്മി സംഘർഷമുണ്ടാക്കിയതിലെ പ്രശ്നമാണ് ഇപ്പോൾ കാണുന്നത്. കൂട്ടത്തിൽ ഏതെങ്കിലുമൊരാൾക്ക് രോഗമുണ്ടെങ്കിൽ എല്ലാവർക്കും പടരും. അത് ഒഴിവാക്കുകയായിരുന്നു പ്രധാനം.
പക്ഷേ, പ്രതിപക്ഷം സംസ്ഥാനത്തെ സാഹചര്യം അനുഭവ പാഠമായി ഉൾക്കൊണ്ടില്ല. പല വട്ടം പറഞ്ഞിട്ടും വാശിയോടെ ആവർത്തിച്ചു. സമൂഹം കാട്ടിയ ജാഗ്രതയുടെ ഭാഗമായി, വല്ലാതെ കേരളത്തിൽ രോഗം പെരുകുന്ന അവസ്ഥയുണ്ടായില്ല. അതീതീവ്ര വ്യാപനമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ കേരളത്തിലെത്തുന്നുണ്ട്. ചിലർ രോഗവുമെത്തിക്കുന്നു. അതിന്റെ ഭാഗമായുള്ള വ്യാപനവുമുണ്ടായി. വിദേശത്തു നിന്നെത്തുന്നവർക്കായി വിമാനത്താവളത്തിൽ നിരീക്ഷണമൊരുക്കിയും,ഹോം ക്വാറന്റൈൻ ശക്തമാക്കിയും അവരിൽ നിന്നുള്ള രോഗവ്യാപനം തടയാനായി- മുഖ്യമന്ത്രി പറഞ്ഞു.