ന്യൂഡൽഹി: ഇന്ത്യൻ സർക്കാരുമായി ദശാബ്ദത്തിലേറെ നീണ്ട നികുതിയുദ്ധത്തിൽ അന്തിമവിജയം ബ്രിട്ടീഷ് ടെലികോം കമ്പനിയായ വൊഡാഫോണിന്. മുൻകാല പ്രാബല്യത്തോടെ വൊഡാഫോൺ 200 കോടി ഡോളർ (ഏകദേശം 20,000 കോടി രൂപ) നികുതിയടക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവാണ് ദീർഘകാലത്തെ നിയമപ്പോരിന് വഴിവച്ചത്.
ഒടുവിൽ, നെതർലൻഡ്സിലെ ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണലിലേക്ക് നീണ്ട കേസിൽ വിജയം രുചിച്ചത് വൊഡാഫോൺ. ഇന്ത്യൻ സർക്കാരിന്റെ ഉത്തരവ് ഇന്ത്യയും നെതർലൻഡ്സും തമ്മിലെ ഉഭയകക്ഷി നിക്ഷേപക്കരാറുകൾക്ക് വിരുദ്ധവും നീതിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണൽ, കോടതിച്ചെലവായി കേന്ദ്രം വൊഡാഫോണിന് 43 ലക്ഷം പൗണ്ട് (43 കോടി രൂപ) നൽകണമെന്നും വിധിച്ചു. വൊഡാഫോണിൽ നിന്ന് ഈയിനത്തിൽ ഇനി നികുതിയും പിഴയും ഈടാക്കരുതെന്നും ഇന്ത്യയോട് ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
കേസിന്റെ നാൾവഴി
2007ലാണ് ടെലികോം കമ്പനിയായ ഹച്ചിന്റെ (ഹച്ചിസൺ) 67 ശതമാനം ഓഹരികൾ 1,100 കോടി ഡോളറിന് (81,000 കോടി രൂപ) വൊഡാഫോൺ വാങ്ങുന്നത്. ഈ ഇടപാടിൽ മുൻകാല പ്രാബല്യത്തോടെ (റെട്രോസ്പെക്ടീവ് ടാക്സ്) വൊഡാഫോൺ 7,990 കോടി രൂപ നികുതിയടക്കണമെന്ന് കേന്ദ്രം നോട്ടീസ് നൽകി. പിന്നീട്, പിഴയും പലിശയും ഉൾപ്പെടെ മൊത്തം അടയ്ക്കേണ്ട തുക 22,100 കോടി രൂപയായി.
ഹച്ചുമായുള്ള ഇടപാട് ഇന്ത്യയിലല്ലെന്നും ഇവിടെ നികുതി അടയ്ക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി, നോട്ടീസിനെതിരെ വൊഡാഫോൺ കോടതിയിലെത്തി. ഇടപാട് നടന്നത് ഇന്ത്യൻ കമ്പനികൾ തമ്മിലല്ലെന്നും വൊഡാഫോൺ ചൂണ്ടിക്കാട്ടി.
2012ൽ വൊഡാഫോണിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായെങ്കിലും ഫിനാൻസ് ആക്ട് ഭേദഗതി ചെയ്ത് കേന്ദ്രം വീണ്ടും നോട്ടീസ് നൽകി.
മൻമോഹൻ സിംഗ് സർക്കാരിൽ ധനമന്ത്രിയായിരിക്കേ, പ്രണബ് മുഖർജിയാണ് റെട്രോസ്പെക്ടീവ് ടാക്സ് കൊണ്ടുവന്നത്. പിന്നീട്, കേസിൽ സമവായം ആകാത്ത പശ്ചാത്തലത്തിൽ വൊഡാഫോൺ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു.
റെട്രോ ടാക്സ് കേസിൽ ഇന്ത്യൻ സർക്കാർ ഇതിനുമുമ്പും അന്താരാഷ്ട്ര കോടതിയിൽ പരാജയം അറിഞ്ഞിട്ടുണ്ട്. നേരത്തേ, കെയിൻ എനർജിക്കെതിരെയുണ്ടായ കേസും തോറ്റ സർക്കാർ, കോടതിച്ചെലവ് കെട്ടിവയ്ക്കേണ്ടിയും വന്നു.