ആലപ്പുഴ : സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലെ ജീവനക്കാരെയും ഉദ്ദേശിച്ച് കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച ബസ് ഓൺ ഡിമാൻഡ് പദ്ധതിക്ക് ആലപ്പുഴ ഡിപ്പോയിൽ തുടക്കമായി. ആലപ്പുഴ - ചങ്ങനാശേരി ബോണ്ട് സർവീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവഹിച്ചു. ഡി.ടി.ഒ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആദ്യ സർവീസിൽ 39 യാത്രക്കാരാണുണ്ടായിരുന്നത്. എല്ലാവരെയും റോസാപ്പൂക്കൾ നൽകിയാണ് വനിതാ കണ്ടക്ടർ ബസിലേക്ക് സ്വീകരിച്ചത്. ബോണ്ട് പദ്ധതിയുടെ പ്രചരണാർത്ഥം കാമ്പയിൻ ജഴ്സി അണിഞ്ഞാണ് ജീവനക്കാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ ബോണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.