ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 44 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് ഇരുപതോവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മത്സരങ്ങളിൽ ചെന്നൈയുടെ രണ്ടാമത്തെ തോൽവിയാണിത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഡൽഹി നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
പ്രിഥ്വി നയിച്ചു
ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ ധോണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഡൽഹി ഓപ്പണർമാരായ പ്രിഥ്വിഷായും ശിഖർ ധവാനും കത്തിക്കയറുകയായിരുന്നു.
പ്രിഥ്വി ഷായുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ഡൽഹി ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 43 പന്ത് നേരിട്ട് 9 ഫോറും 1 സിക്സും ഉൾപ്പെടെ 64 റൺസാണ് പ്രിഥ്വി അടിച്ചെടുത്തത്. മറ്റൊരു ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ 3 ഫോറും 1 സിക്സും ഉൾപ്പെടെ 35 റൺസ് നേടി. ചെന്നൈ ബൗളർമാരെ ആത്മവിശ്വസത്തോടെ നേരിട്ട ഇരുവരും ഒന്നാം വിക്കറ്റിൽ 10.4 ഓവറിൽ 94 റൺസ് നേടി. ധവാനെ വിക്കറ്റിന് മുന്നിൽ കുടുക്കി പിയൂഷ് ചൗളയാണ് കൂട്ട് കെട്ട് പൊളിച്ചത്. റിഷഭ് പന്ത് (പുറത്താകാതെ 25 പന്തിൽ 37), ക്യാപ്ടൻ ശ്രേയസ് അയ്യർ (22 പന്തിൽ 26) എന്നിവരും നിർണായക സംഭാവന നൽകി. ചെന്നൈയ്ക്കായി പിയൂഷ് ചൗള രണ്ടും സാം കറൻ ഒരു വിക്കറ്റും വീഴ്ത്തി.
പൊരുതാതെ ചെന്നൈ
മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് ഡൽഹി ബൗളിർമാരുടെ കൃത്യതയ്ക്ക് മുന്നിൽ ചേസിംഗ് ദുഷ്കരമാവുകയായിരുന്നു.ഫാഫ് ഡുപ്ലെസിസിനും (35 പന്തിൽ 43,4 ഫോർ), കേദാർ ജാദവിനും (21പന്തിൽ 26) മാത്രമേ അല്പമെങ്കിലും പിടിച്ചു നിൽക്കാനായുള്ളൂ.
മുരളി വിജയ് (10), ഷേൻ വാട്സൺ (14), റുതുരാജ് ഗെയ്ക്വാദ് (5), എം.എസ് ധോണി (15) എന്നിവർക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. റബാഡ ഡൽഹിക്കായി മൂന്നും നോർട്ട്ജെ രണ്ട് വിക്കറ്റും വീഴ്ത്തി.