കണ്ണൂരിൽ മൂല്യ നിർണയ പരിശോധന 4ന്, കാസർകോട്ട് 5ന്
കണ്ണൂർ: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടി ഘടകങ്ങളുടെയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്താൻ കെ.പി.സി.സി നിയോഗിച്ച പെർഫോമൻസ് അസസ്മെന്റ് സിസ്റ്റത്തിന്റെ (പി.എ.എസ്) ഭാഗമായി മൂല്യനിർണയം നടത്താൻ വിദഗ്ധ സംഘം കണ്ണൂർ, കാസർകോട് ജില്ലകളിലെത്തുന്നു. ഒക്ടോബർ നാല്, അഞ്ച് തീയതികളിലാണ് ഈ ജില്ലകളിലെ പരിശോധന.
തെക്കൻ ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും ഒന്നാമത്തെ ത്രൈമാസ വിലയിരുത്തൽ ഇതിനകം പൂർത്തിയായി. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ പ്രവർത്തന മികവാണ് ആദ്യപാദത്തിൽ പരിശോധിക്കപ്പെട്ടത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുൻകൈയെടുത്ത് പാർട്ടി ഘടകങ്ങളുടെയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്തുന്നതിനുവേണ്ടി നടപ്പിലാക്കിയ സംവിധാനം സംഘടനയെ കൂടുതൽ ചലനാത്മകമാക്കിയെന്നു നേതൃത്വം കണക്കൂ കൂട്ടുമ്പോഴും ഇതു കൊണ്ടാെന്നും സംഘടനാ ദൗർബല്യം പരിഹരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് ഘടകങ്ങൾക്കുള്ളത്.
രണ്ടു മാസം കൂടുമ്പോൾ കെ.പി.സി സി പ്രസിഡന്റ് ഡി.സി.സി ഭാരവാഹികൾ, ബ്ളോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ആവശ്യമെങ്കിൽ തിരുത്തൽ നടപടി നിർദേശിക്കും. മാർക്കിന്റെ അടിസ്ഥാനത്തിൽ മാസം തോറും ഇവരെ വിലയിരുത്തും.
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് എന്നീ മൂന്നു കാറ്റഗറികളായാണ് തിരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കഴിഞ്ഞ ത്രൈമാസ വിലയിരുത്തലിൽ ഒമ്പത് ഡി.സി.സികൾ പച്ച കാറ്റഗറിയിലും അഞ്ച് ഡി.സി.സികൾ മഞ്ഞയിലുമാണ്. കെ.പി.സി.സി. ഭാരവാഹികളിൽ ഒമ്പത് പേർ പച്ച കാറ്റഗറിയിലും 20 പേർ മഞ്ഞ കാറ്റഗറിയിലുമാണ്. 16 കെ.പി.സി.സി. ഭാരവാഹികൾ ചുവപ്പ് കാറ്റഗറിയിലായി. പ്രവർത്തന ക്ഷമമാകാത്തവർക്ക് കെ.പി.സി.സി. തിരുത്തൽ നടപടികൾ നിർദ്ദേശിക്കും.
സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൂല്യനിർണയ പദ്ധതി തയ്യാറാക്കിയത്. പ്രവർത്തനം കാര്യക്ഷമമമല്ലാത്ത കമ്മിറ്റികൾക്ക് നോട്ടീസ് നൽകും. അവരെ തിരുത്തിക്കാനുള്ള നടപടികളുമുണ്ടാകും. ഡി.സി.സി. ഭാരവാഹികളുടെയുംബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രവർത്തന മികവ് പരിശോധിക്കാൻ ഒക്ടോബർ 4 മുതൽ 22 വരെ എല്ലാ ജില്ലകളിലും റിവ്യൂയോഗങ്ങൾ നടക്കും.
അഡ്വ. സജീവ് ജോസഫ്, 'പി.എ.എസ്' ഇൻചാർജ്
മികവിന്റെ അടിസ്ഥാനത്തിൽ മൂന്നുകാറ്റഗറികൾ
മികച്ച പ്രവർത്തനം നടത്തുന്നവർ -പച്ച
ശരാശരിക്കാർ -മഞ്ഞ
മികവു പുലർത്താത്തവർ -ചുവപ്പ്