കാൻബറ: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആസ്ട്രേലിയൻ കോടതി കുറ്റവിമുക്തനാക്കിയ കർദ്ദിനാൾ ജോർജ് പെൽ വത്തിക്കാനിലേക്ക് മടങ്ങുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ മുൻ ധനമന്ത്രിയായിരുന്നു അദ്ദേഹം. പെൽ ഇന്ന് റോമിലേക്ക് മടങ്ങുമെന്നാണ് വിവരം. ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പെൽ തയ്യാറായിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഭാവി പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല.
പെല്ലിന്റെ ശക്തരായ എതിരാളികളിൽ ഒരാളായ കർദ്ദിനാൾ ജിയോവന്നി ഏഞ്ചലോ ബെച്യൂ കഴിഞ്ഞ ആഴ്ച സാമ്പത്തിക അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ ഉന്നത പദവി മുന്നറിയിപ്പില്ലാതെ രാജി വച്ചിരുന്നു.
13 വയസുള്ളപ്പോൾ മെൽബണിൽ വച്ച് അന്നത്തെ ആർച്ച് ബിഷപ്പ് ആയിരുന്ന പെൽ തന്നെ പീഡിപ്പിച്ചെന്ന് എന്ന് അഞ്ച് വർഷം മുമ്പാണ് യുവാവ് പരാതി നൽകിയത്. 1990 കളുടെ അവസാനത്തിലാണ് സംഭവം നടന്നത്. കത്തോലിക്കാ സഭയിൽ തന്നെ ബാലപീഡന കേസ് നേരിടുന്ന ഏറ്റവും ഉന്നതനായിരുന്നു പെൽ. പിന്നീട് 2018ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെൽ ജയിൽ ഏകദേശം 13 മാസത്തോളം ശിക്ഷ അനുഭവിച്ചു. പിന്നീട് ആസ്ട്രേലിയൻ ഹൈക്കോടതി തെറ്റുകാരനല്ലെന്ന് കണ്ടെത്തി പെല്ലിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.