കൊടുങ്ങല്ലൂർ: രാത്രി കറങ്ങി നടന്ന് ബൈക്കുകൾ മോഷ്ടിച്ച സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കാര സ്വദേശികളായ ഇളംതുരുത്തി വീട്ടിൽ അഫ്സൽ (21), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി.കെ. പത്മരാജനും സംഘവും അറസ്റ്റു ചെയ്തു.
കൊടുങ്ങല്ലൂർ ബൈപാസിലെ പെട്രോൾ പമ്പിലുണ്ടായ മോഷണത്തിന്റെ അന്വേഷണത്തിനിടയിൽ കഴിഞ്ഞ ദിവസം ചന്തപുരയിൽ രാത്രി ബൈക്കിൽ വന്ന രണ്ടു പേർ പൊലീസിനെ കണ്ട് വാഹനം നിറുത്താതെ പോയിരുന്നു. പിന്നീട് അഴീക്കോട് അഫ്സൽ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്തു വരുന്നത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ച നാല് ബൈക്കുകൾ പിടിച്ചെടുത്തു.
കൂടാതെ ഇവരുടെ വാടക വീട്ടിൽ നിന്ന് വേറെയും ബൈക്കുകളുടെ പൊളിച്ച ഭാഗങ്ങൾ കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത ആൾ മതിലകം, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കൂടാതെ ഇയാൾ ജുവനെൽ ഹോമിലും കിടന്നിട്ടുണ്ട്. അഫ്സൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടയാളാണ്. ആഡംബര ജീവിതം നയിക്കാനാണ് ഇവർ മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽപ്പെട്ട് താക്കോലടക്കം വഴിയിൽ വച്ചു പോകുന്ന വാഹനങ്ങളുടെ താക്കോൽ എടുത്ത് പിന്നീട് രാത്രിയെത്തി വാഹനം മോഷ്ടിക്കലാണ് ഇവരുടെ രീതി. തമിഴ് സിനിമകളിൽ നിന്നും ലഭിച്ച അറിവും, ജൂവനൈൽ ഹോമിലെ ആളുകൾ നൽകിയ പ്രചോദനമാണ് മോഷണത്തിനു പിന്നിലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
കൊടുങ്ങല്ലൂർ ബൈപ്പാസിലെ പെട്രോൾ പമ്പിൽ ഒരാഴ്ച മുമ്പ് നടന്ന മോഷണങ്ങളടക്കം ജില്ലയിൽ നടന്നിട്ടുള്ള മറ്റ് മോഷണങ്ങളിലും ഇവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സർക്കിൾ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐമാരായ ബസന്ത്, ബിജു, ജഗദീഷ്, കശ്യപൻ, അജാസുദിൻ, എ.എസ്.ഐ: സി.ആർ. പ്രദീപ്, കെ.എം. മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ സജീഷ്, ഗോപൻ, ഗിരീഷ്, ജീവൻ, അജേഷ്, ഉണ്ണിക്കൃഷ്ണൻ, ശിവദാസൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.