തിരുവല്ല: സുരക്ഷ ഉറപ്പാക്കാൻ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ കയർഭൂവസ്ത്രം വിരിക്കുന്ന ജോലികൾ തുടങ്ങി. നിലവാരം ഉയർത്തി നിർമ്മിക്കുന്ന റോഡിൽ 2200 മീറ്റർ നീളത്തിലാണ് കയർഭൂവസ്ത്രം വിരിക്കുന്നത്. ഇരുവശങ്ങളിലും പാടശേഖരങ്ങളും ജലാശയങ്ങളും നിലനിൽക്കുന്ന ഭാഗങ്ങളിലാണ് കയർഭൂവസ്ത്രം റോഡിന് സംരക്ഷണം ഉറപ്പാക്കുന്നത്. 5000 മീറ്റർ നീളത്തിലുള്ള റോഡിൽ അഴിയിടത്തുചിറ, ഇടിഞ്ഞില്ലം ഭാഗങ്ങളിലാണ് കൂടുതലായി കയർ വിരിക്കുന്നത്. നിലവിലെ റോഡിൽ ടാറിംഗ് ഇളക്കിമാറ്റി റോഡ് ഉറപ്പിക്കും. ഇതിനുശേഷം കീടനാശിനി ഒഴിച്ച് അതിനു മുകളിൽ ഏഴര മീറ്റർ വീതീയിൽ കയർഭൂവസ്ത്രം വിരിക്കും. അഞ്ചര മീറ്ററിലാണ് ടാറിംഗ്. ആണിയടിച്ച് കയർഭൂവസ്ത്രം ഉറപ്പിച്ച ശേഷമാണ് മുകളിൽ റോഡിൽ മെറ്റൽ പാകി ടാർ ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറിയാലും റോഡ് ഇടിഞ്ഞുപോകാതിരിക്കാനായി സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കയർഭൂവസ്ത്രം ഉപയോഗിക്കുന്നത്. സാങ്കേതിക വിദഗ്ദ്ധരുടെ നിർദ്ദേശാനുസരണം പ്രത്യേക അളവിൽ തയ്യാറാക്കിയ കയർഭൂവസ്ത്രമാണ് കയർഫെഡിൽ നിന്ന് എത്തിച്ചിരിക്കുന്നതെന്ന് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. ഇരുന്നൂറ് മീറ്റർ നീളത്തിൽ വരെ ഇടവിട്ടാണ് റോഡിൽ സ്ഥാപിക്കുക. ഒരാഴ്ചയ്ക്കുള്ളിൽ ജോലികൾ പൂർത്തിയാക്കും. കായംകുളം റോഡിനെയും എം.സി. റോഡിനെയും ബന്ധിപ്പിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് അഞ്ചു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്നതിന് 16.83 കോടി രൂപയാണ് കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. ഈ റോഡിലെ ഇടിഞ്ഞില്ലം പാലത്തിന്റെ നിർമ്മാണം ആഴ്ചകൾക്ക് മുമ്പ് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയിരുന്നു. പാലാത്ര കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ ബിജി തോമസ്, അസി.എൻജിനീയർ ബിജിന എലിസബത്ത് മാമ്മൻ എന്നിവർ നേതൃത്വം നൽകുന്നു.
------------