SignIn
Kerala Kaumudi Online
Wednesday, 27 May 2020 6.28 AM IST

അമ്മയും അയ്യപ്പനും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ അയ്യപ്പൻ കീ ജയ് എന്ന് അമ്മ പറയും

trending

അമ്മയും അയ്യപ്പനും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ അയ്യപ്പൻ കീ ജയ് എന്ന് അമ്മ പറയും. ഈ ലോകത്തിന്റെ മുഴുവൻ അമ്മയായ വള്ളിക്കാവിൽ അമ്മ ഏത് ഉറക്കത്തിലും അയ്യപ്പൻ കീ ജയ് എന്ന് വിളിച്ചു പറയും. അവരെ കുറ്റം പറയാൻ പറ്റില്ല. ഒരു പരിപാടിക്ക് വിളിച്ചോണ്ട് പോകുമ്പോ അതിൽ കീ ജയ് വിളിക്കണോ പാട്ട് പാടണോ എന്നൊക്കെ പറഞ്ഞുകൊടുക്കണ്ടേ.... അമ്മയുടേയും അയ്യപ്പന്റേയും വിശേഷങ്ങളുമായി കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ.

പിണറായി വിജയൻ രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് ശബരിമലയിൽ സമരം നടത്തിയത് പോരാഞ്ഞിട്ട് എല്ലാ ഭക്തജനങ്ങളേയും വിളിച്ചുകൂട്ടി അയ്യപ്പഭക്ത സംഗമം നടത്തി. നല്ല കാര്യം. അയ്യപ്പൻ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു എന്നാണ്, പരിപാടിയിൽ പങ്കെടുത്ത വള്ളിക്കാവിൽ അമ്മ വിചാരിച്ചത്. അതുകൊണ്ട് പിന്നെ ഒന്നും നോക്കീല, അയ്യപ്പൻ കീ ജയ്... അയ്യപ്പൻ കീ ജയ് എന്ന് പലതവണ. പരിപാടിയിൽ പങ്കെടുക്കാൻ വന്ന ഭക്തൻ പുത്രൻമാർ അത് ഏറ്റുപിടിച്ചു. അമ്മ പറഞ്ഞതല്ലേ... ഏറ്റുവിളി അതി ഗംഭീരം. അയ്യപ്പഭക്ത സംഗമം, അയ്യപ്പന്റെ രാഷ്ട്രീയ പ്രവേശന ചടങ്ങാക്കി മാറ്റിയതിൽ വളരെ സന്തോഷം. ഇത് കുറച്ചും കൂടി നേരത്തെ ആകാമായിരുന്നു. അയോദ്ധ്യയിൽ രാമനാണ് രാഷ്ട്രീയ പാർട്ടികളുടെ ഐക്കൺ. മഹാരാഷ്ട്രയിൽ ശിവസേനയും കർണാടകത്തിൽ ഹനുമാൻ സേനയും ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അങ്ങനെ എങ്കിൽ കേരളത്തിൽ അയ്യപ്പനും കീ ജയ് വിളിക്കാം. നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പന് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറ്റുമോ എന്ന കാര്യത്തിൽ പഴയ പൊലീസ് ഡി.ജി.പി ടി.പി സെൻകുമാർ നിലപാട് പറഞ്ഞിട്ടില്ല. സത്യത്തിൽ ശബരിമല സമരത്തിൽ ബി.ജെ.പിയെ കൊണ്ട് പറ്റാത്തത് അവരുടെ എ പ്ലസ് ടീമായ ശബരിമല കർമ്മ സമിതി സാധിച്ചു എന്ന് വേണം പറയാൻ. അത് മനസിലാക്കിയിട്ട് ആകണം, എന്തിന് വേണ്ടി, ആർക്ക് വേണ്ടി എന്നറിയാതെ സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി നടത്തി വന്ന ആഹാര സമരം പിൻവലിച്ച് അവർ തന്നെ മാതൃകയായി. സമരം പിൻവലിച്ചത് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ആണെന്നാണ് പ്രമുഖ പ്രചാരകൻമാർ പറയുന്നത്. ഹിന്ദു ഐക്യം, ഹിന്ദു ഐക്യം എന്ന് മുട്ടിന് മുട്ടിന് ഘോരം ഘോരം പ്രസംഗിച്ചിട്ട് ലോക്സഭാ സീറ്റിന്റെ കാര്യം വന്നപ്പോ എല്ലാ ഐക്യവും തകർന്നു എന്നാണ് കേൾവി. താമരമുന്നണിയിലെ പ്രധാന പാർട്ടിയായ ബി.ഡി.ജെ.എസ് ചോദിച്ചത് എട്ട് സീറ്റ്. കൊടുക്കാം എന്ന് പറയുന്നത് നാല് സീറ്റ്. ഐക്യത്തിൽ ചെറിയൊരു അഡ്ജസ്റ്റ്‌മെന്റ്. ശരിക്കും ജയിക്കുന്ന സീറ്റായ തിരുവനന്തപുരത്ത് ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താമരച്ചിഹ്നത്തിൽ മത്സരിക്കാൻ ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, പിന്നെ പേര് അറിയാത്ത ഒരു ലോഡ് ആളുകൾ റെഡിയാണ്. അയ്യപ്പ ഭക്തി മൂത്ത് തലയിൽ ചാണകം പൂശുന്ന ഒരു പ്രത്യേക കലാപരിപാടി കൂടി കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. തലയിൽ ചാണകം ഇല്ലാത്ത ആളുകളെയാണ് അതിനായി തിരഞ്ഞെടുക്കുന്നത്. സംവിധായകൻ പ്രിയനന്ദൻ ആണ് അതിന് ആദ്യമായി ഇരയായത്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള ഓരോ കലാപരിപാടികൾ അല്ലാതെ എന്ത് പറയാൻ.

മോഹൻലാൽ എന്നും കേരളത്തിന്റെ അഭിമാനമാണ്. മലയാള സിനിമയ്ക്ക് ലോക വേദികളിൽ പേരും പെരുമയും നൽകിയ കലാകാരൻ. തൊട്ടതെല്ലാം പൊന്നാക്കിയ നടന വിസ്മയത്തിന് രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. ഒപ്പം ചാരക്കേസിൽ അകപ്പെട്ട് ജീവിതം തന്നെ നിയമപോരാട്ടത്തിനായി മാറ്റിവെച്ച നമ്പി നാരായണനും പത്മഭൂഷൺ ലഭിച്ചു. രാജ്യം ആദരിക്കുന്ന ശാസ്ത്രജ്ഞന് പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോഴും ചിലർക്ക് അത് ദഹിച്ചിട്ടില്ല. നമ്പി നാരായണന് പത്മഭൂഷൺ നൽകി എങ്കിൽ മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും പത്മഭൂഷൺ നൽകണം എന്നും മുൻ പൊലീസ് ഡി.ജി.പിയും അയ്യപ്പഭക്തനുമായ സെൻകുമാർ അദ്ദേഹം തുറന്നടിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഏത് മണ്ഡലത്തിലും താമരചിഹ്നത്തിൽ മത്സരിക്കാൻ റെഡിയായി ഇരിക്കുന്ന സെൻകുമാർ ലോക്സഭയിലേക്ക് പോകാൻ പറ്റിയ ആളാണ് എന്ന് തെളിയിച്ചു. പക്ഷേ നമ്പി നാരായണന് പത്മഭൂഷൺ നൽകിയത് ശരിയായില്ല എന്ന് സെൻകുമാർ പറഞ്ഞതോടെ വെട്ടിലായത് ബി.ജെ.പിയാണ്. സെൻകുമാർ സാറിനെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് താമരപ്പാർട്ടി.

പ്രിയങ്ക ഗാന്ധി വന്നാൽ കോൺഗ്രസ് ഉണരും എന്നും മോദി ഗുജറാത്തിലേക്ക് ഓടിപ്പോകും എന്നും ആരോ രാഹുൽ ഗാന്ധിക്ക് പറഞ്ഞുകൊടുത്തു. അത് കേട്ട പാടെ പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രദേശിലെ മണ്ഡലം പ്രസിഡന്റായി പ്രിയങ്കാ ജിയെ രാഹുൽ നിയമിച്ചു. ഇന്ത്യാ മഹാരാജ്യത്തിന് അടിയന്തരാവസ്ഥയും കോൺഗ്രസിന് ഐ, എ ഗ്രൂപ്പുകളും സംഭാവന ചെയ്ത ഇന്ദിരാഗാന്ധിയുടെ തനിപ്പകർപ്പാണ് പ്രിയങ്കാ ഗാന്ധി. അങ്ങനെ വരുമ്പോ വീണ്ടും എന്തേലും വലുത് പ്രതീക്ഷിക്കാം. കോൺഗ്രസിൽ രാഹുൽ ഗ്രൂപ്പും പ്രിയങ്കാ ഗ്രൂപ്പും വരുമോ എന്നാണ് കേരളത്തിലെ കോൺഗ്രസുകാരുടെ ആശങ്ക. അങ്ങനെ വന്നാൽ ആർക്കൊപ്പം നിൽക്കണം എന്നതും ഒരു ചോദ്യമാണ്. ദേശീയ നേതാവാക്കി ഉമ്മൻചാണ്ടിയെ ഡൽഹിക്ക് വിട്ടതിൽ രമേശ് ചെന്നിത്തലാ ജിക്ക് നല്ല വിഷമം ഉണ്ട് എന്നാണ് അറിയുന്നത്. ഇപ്പോ ചെന്നിത്തല ഒഴികെ ബാക്കി ഒരു വിധപ്പെട്ടവരൊക്കെ ദേശീയ നേതാക്കൻമാരായി. കേരളത്തിലെ കോൺഗ്രസിൽ ആർക്കും ഇതുവരെ കിട്ടാത്ത പദവി കെ.സി. വേണുഗോപാലിന് കിട്ടി. ഇന്ദ്രപ്രസ്ഥത്തിൽ കളിച്ച് വളർന്നെങ്കിലും കേരളത്തിൽ മുഖ്യമന്ത്രി ആകാം എന്ന് വിചാരിച്ചാണ് ചെന്നിത്തലാ ജി പെട്ടിയുമായി തിരുവനന്തപുരത്തേക്ക് വന്നത്. എല്ലാം കറങ്ങിത്തിരിഞ്ഞ് വരും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവായി തുടരുന്നത്. അതിനിടയിൽ മ്മ്‌ടെ സ്വന്തം മഞ്ജുവാര്യർ, കൈപ്പത്തി ചിഹ്നത്തിൽ ലോക്സഭയിലേക്ക് മത്സരിക്കും എന്നും അതല്ല കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തും എന്നും പറയുന്നവരുണ്ട്. അങ്ങനെ ആര് പറഞ്ഞാലും അറിയാത്ത പണിക്ക് പോകില്ലെന്നാണ് മഞ്ജു ചേച്ചി ഇപ്പോ പറയുന്നത്. പിണറായിയുടെ വനിതാ മതിലിൽ പങ്കെടുക്കാം എന്ന് പറഞ്ഞിട്ട് അവസാന നിമിഷം കാലുമാറിയ ചേച്ചി ഇനി കൈ കാണിച്ച് വിളിച്ച കോൺഗ്രസുകാരെ പറ്റിച്ച് താമരക്കുളത്തിൽ വീഴുമോ എന്നാണ് അറിയേണ്ടത്.

ലോക്സഭയിലേക്ക് മത്സരിക്കാൻ ഒരു സീറ്റ് കിട്ടുമോ എന്ന് അന്വേഷിച്ച് നടക്കുകയാണ് എല്ലാ രാഷ്ട്രീയ വീരൻമാരും. അതിനിടെയിൽ കേന്ദ്രത്തിലും കേരളത്തിലും ബഡ്ജറ്റ് എന്നൊരു സാധനം അവതരിപ്പിക്കും. പാവം ജനത്തിന്റെ പ്രതീക്ഷ അതിലാണ്. നെഞ്ചത്തും വയറ്റത്തും അടിക്കുന്ന തീരുമാനങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന പ്രതീക്ഷയോടെ ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ലനമസ്‌കാരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MATA AMRITANANDAMAYI, MOHANLAL PADMABHUSHAN, SENKUMAR AGAINST NAMBI NARAYANAN, PRIYANKA GANDHI, CONGRESS, SABARIMALA ISSUE
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.