തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന മൂന്ന് യുവാക്കളെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. 2.33 ഗ്രാം എം.ഡി.എം.എയുമായി ബൈക്കിൽ സഞ്ചരിക്കവേയാണ് കാട്ടാക്കട ചെറുപാറ സ്വദേശി അപ്പു എന്ന ജിജിൻ, കരിപ്പൂര് സ്വദേശി മാധവ് കൃഷ്ണൻ എന്നിവരെ തിരുമല മങ്കാട്ടുകടവ് പാലത്തിന് സമീപത്തുവച്ച് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. ആൾസെയിന്റ്സ് മേഖലയിൽ കഞ്ചാവും ലഹരിവസ്തുക്കളും വില്പന നടത്തിവന്ന കൊച്ചുവേളി സ്വദേശി ജിക്കുവിനെ ഒന്നരക്കിലോ കഞ്ചാവുമായാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ മധുസൂദനൻ നായർ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.