കൂത്തുപറമ്പ്: കഴിഞ്ഞ തവണ കൈവിട്ട ഒറ്റ സീറ്റടക്കം പിടിച്ച് സമ്പൂർണവിജയം നേടാനുള്ള പരിശ്രമത്തിലാണ് കൂത്തുപറമ്പ് നഗരസഭയിൽ ഇടതുമുന്നണി. എന്നാൽ സ്ഥാനാർത്ഥികളിൽ ഒരാളുടെ പത്രിക തള്ളിപ്പോയതിന്റെ വിഷമം മറന്ന് യു.ഡി.എഫും രണ്ടുവാർഡുകളിലൊഴികെ എല്ലായിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ച എൻ.ഡി.എയും പോരാട്ടം കനപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
വീടുകൾ കയറിയിറങ്ങി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് സ്ഥാനാർത്ഥികൾ. 28 വാർഡുകളിലും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഒന്നാംഘട്ട പ്രചരണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
കഴിഞ്ഞ തവണ 27 വാർഡുകളിലും വിജയിച്ച ആത്മവിശ്വാസമാണ് ഇടതുമുന്നണിക്ക്. സി.പി എം-23 ,സി.പി.ഐ- 3 എൽ.ജെ.ഡി-1, ഐ.എൻ.എൽ സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് ഇടതുമുന്നണിയിലെ സീറ്റ് വിഭജനം.
സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും വികസനം ചൂണ്ടിക്കാട്ടിയാണ് ഇടതുസ്ഥാനാർത്ഥികളുടെ വോട്ടുതേടൽ.
അദ്ധ്യക്ഷസ്ഥാനം വനിതാസംവരണമായതിനാൽ കൂത്തുപറമ്പിൽ മുൻ കെ.എസ്.ടി.എ നേതാവ് കൂടിയായ വി. സുജാതയെ മുൻനിർത്തിയാണ് എൽ.ഡി.എഫ് മുന്നോട്ടുനീങ്ങുന്നത്. മികച്ച ജയം നേടുമെന്നാണ് ഇടതുനേതാക്കളുടെ അവകാശവാദം.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അൽപ്പം പിറകിലായെങ്കിലും യു.ഡി.എഫ് പ്രചാരണത്തിൽ സജീവമാണ്. സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളും വികസനപാളിച്ചകളും ചൂണ്ടിക്കാട്ടിയാണ് അവരുടെ വോട്ടഭ്യർത്ഥന. പ്രായപൂർത്തിയാകാത്തതിനാൽ ഏഴാം വാർഡിലെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് കോൺഗ്രസിന് ക്ഷീണമായിരുന്നു. യു.ഡി.എഫിൽ കോൺഗ്രസ് 18, ലീഗ് 6, ജനതാദൾ (യു) 2, സി.എം.പി 1 എന്നിങ്ങനെയാണ് സീറ്റുവിഭജനം.കഴിഞ്ഞ തവണ ഒരു വാർഡ് മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. നഗരസഭയിലെ വികസന മുരടിപ്പിന് പരിഹാരം കാണുമെന്നാണ് യു.ഡി.എഫിന്റെ വാഗ്ദാനം.
മികച്ച പ്രതീക്ഷയിലാണ് ബി.ജെ.പി സ്ഥാനാർത്ഥികളും പ്രചരണ രംഗത്ത് എത്തിയിട്ടുള്ളത്. 26 വാർഡുകളിലും സ്ഥാനാർത്ഥികളെ ഇറക്കിയാണ് ബി.ജെ.പി പോരാട്ടം നടത്തുന്നത്. നാലാം വാർഡായ മൂര്യാട് നൂഞ്ഞുമ്പായിയിൽ മൂന്ന് വോട്ടിനായിരുന്നു ബി.ജെ.പിയുടെ പരാജയം. എട്ടാം വാർഡായ മുര്യാട് ഈസ്റ്റിലാകട്ടെ 27 വോട്ടിനും. കേന്ദ്ര സർക്കാരിന്റെനേട്ടങ്ങൾ ഉയർത്തിയാണ് ബി ജെ പിയുടെ പ്രചരണം.