അടുത്തിടെ പുറത്തിറങ്ങിയ 'സുരരൈ പോട്ര് ' എന്ന തമിഴ് ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് നടി ഉർവ്വശി. ഉർവ്വശിയുടെ തിരിച്ചു വരവിനെ പല രീതിയിലാണ് ആരാധകർ വിശേഷിപ്പിച്ചത്. 'ലേഡി സൂപ്പർ സ്റ്റാർ' എന്നും 'പകരംവയ്ക്കാനില്ലാത്ത നായിക'യെന്നും നിരവധി വിശേഷണങ്ങളിലൂടെ ഉർവ്വശിയെ ആരാധകർ അഭിനന്ദിച്ചു.
ഇതിനിടെ 'ലേഡി മോഹൻലാൽ ' എന്നും ചിലർ ഉർവ്വശിയെ വിശേഷിപ്പിച്ചു. എന്നാൽ 'ലേഡി മോഹൻലാൽ ' എന്ന ഈ വിശേഷണം ഉർവ്വശിയെ അപമാനിക്കുന്നതിന് തുല്യമെന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നത്.
'ലേഡി മോഹൻലാൽ ' എന്ന വിശേഷണത്തിന്റെ ആവശ്യം ഉർവ്വശിക്ക് ഇല്ലെന്നും അത് ഉർവ്വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ക്ക് അവരുടേതായ അഭിനയ ശൈലിയുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു ഓൺലൈൻ വാർത്താ മാദ്ധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
' മോഹന്‍ലാലിനെ പോലെ തന്നെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന നടിയാണ് ഉര്‍വശി. ഇരുവരും ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത്. രണ്ടു പേർക്കും രണ്ട് വ്യക്തിത്വങ്ങളാണുള്ളത് ' മോഹന്‍ലാലിനെ ആൺ ഉര്‍വശി എന്ന് വിളിക്കാറില്ല എന്നും സത്യൻ അന്തിക്കാട് ഓർമിപ്പിച്ചു.