വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ 100 കണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും വലിയ ഫ്രീസർ ട്രക്കുകളിൽ ന്യൂയോർക്ക് സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്.
ഏപ്രിലിന് ശേഷം മരിച്ച 650 മൃതദേഹങ്ങളാണ് അവകാശികളെ കണ്ടെത്താൻ കഴിയാതെയും, സംസ്കാര ചെലവുകൾക്ക് പണമില്ലാത്തത് മൂലവും ട്രക്കുകളിൽ തന്നെ സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരം വേണ്ടപോലെ സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് ചീഫ് മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസ് അറിയിച്ചു.
നൂറുകണക്കിന് മൃതദേഹങ്ങൾ ഇതിനകം ഹാർട്ട് റെ ഐലൻഡിൽ സംസ്കരിച്ചതായി മേയർ ബിൽഡി ബ്ലാസിയോ അറിയിച്ചു. കൊവിഡ് പൂർണമായും വിട്ടുമാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളിൽ തന്നെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർട്ട് റെ ഐലൻഡിൽ കൂട്ടമായി മൃതശരീരങ്ങൾ അടക്കം ചെയ്തു എന്ന വാർത്ത പുറത്തുവന്നതോടെ, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ ഉറപ്പു നൽകി. മൃതശരീരങ്ങൾ ദഹിപ്പിക്കുന്നതിനുള്ള ചെലവ് ഏറ്റവും കുറഞ്ഞത് 6500 ഡോളറാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ഫ്യൂണറൽ ഡയറക്ടേഴ്സ് അസോസിയേഷൻ പറയുന്നു.