കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ പോരാടുന്നു. മാരത്തോൺ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് മത്സരം.
5 വാർഡുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. കുറ്റിപ്പിള്ളി, കമൃത, വീട്ടൂർ, ചെറുനെല്ലാട് വാർഡുകളിൽ സ്വന്തം ചിഹ്നമായ ധാന്യക്കതിരും അരിവാളിലും പഞ്ചയത്തോഫീസ് വാർഡിൽ സ്വതന്ത്രനെ നിറുത്തിയുമാണ് പോരാട്ടം.
നിലവിലുണ്ടായിരുന്ന രണ്ട് സീറ്റുകളിലൊന്നായ വീട്ടൂർ വാർഡിലെ സീറ്റ് വച്ചു മാറണമെന്ന് സി.പി.എം ഉപാധി വച്ചതാണ് തർക്കത്തിനു വഴി വെച്ചതെന്ന് സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും വീട്ടൂർ വാഡിലെ സ്ഥാനാർത്ഥിയുമായ എം.ടി. തങ്കച്ചൻ പറഞ്ഞു. അതേ സമയം ഐരാപുരം വാർഡ് വേണമെന്നാവശ്യപ്പെട്ടപ്പോൾ നിലവിലുണ്ടായിരുന്ന വാർഡുകളിൽ തുടരാൻ പറയുക മാത്രമാണുണ്ടായതെന്ന് സി.പി.എമ്മും പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിലാണ് സി.പി.ഐ മത്സരിച്ചത്. എൽ.ഡി.എഫുമായുണ്ടായ സീറ്റ് വിഭജനത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതാണ് സി.പി.ഐ മത്സരിക്കാനിടയാക്കിയ സാഹചര്യമെന്ന് ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു.