ലണ്ടൻ : അണ്ടർടേക്കർ എന്ന വിളിപ്പേരിൽ റെസ്ലിംഗ് എന്റർടെയ്ൻമെന്റ് വേദിയിൽ ഇരുട്ടും മണിമുഴക്കവുമായി എത്തി എതിരാളികളെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ച ഇതിഹാസ താരം മാർക് വില്യം കാലവേ റെസ്ലിംഗ് കരിയറിന് ഔദ്യോഗികമായി വിരാമമിട്ടു.ഞായറാഴ്ച നടന്ന സർവൈവേഴ്സ് സിരീസായിരുന്നു അവസാന ഇടിവേദി.
ഡബ്ല്യു.ഡബ്ല്യു.ഇ ഇടിക്കൂട്ടിൽ 30 വർഷം പിന്നിട്ട ഈ 55കാരൻ കഴിഞ്ഞ ജൂണിൽത്തന്നെ തന്റെ വിരമിക്കൽ തീരുമാനം ആരാധകരെ അറിയിച്ചിരുന്നു .റസ്ലിംഗ് എന്റർടെയ്ൻമെന്റ് രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് അണ്ടർടേക്കർ. ഏറ്റവും കൂടുതൽ കാലം ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഭാഗമായിരുന്ന റസ്ലർ എന്ന റെക്കോർഡും സ്വന്തമാക്കിയാണ് ഈ 55 കാരൻ റിംഗിനോട് വിടപറയുന്നത്.
അണ്ടർടേക്കർ 1990ലാണു ഡബ്ല്യു.ഡബ്ല്യു.ഇയിൽ ചേർന്നത്. ആദ്യപോരാട്ടം തോറ്റെങ്കിലും ചുരുങ്ങിയകാലം കൊണ്ടു തന്നെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ നേടിയെടുത്തു. ഏഴുതവണ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ് നേടി. ഡബ്ല്യു.ഡബ്ല്യു.ഇയുടെ വാർഷിക ഇവന്റായ റസ്ൽമാനിയയിൽ 1991 മുതൽ 2013 വരെ തുടർച്ചയായി 21 വിജയങ്ങൾ നേടിയിട്ടുണ്ട്.
സബർബൻ കമാൻഡോ ഉൾപ്പെടെ അഞ്ചു ഹോളിവുഡ് സിനിമകളുടെയും ഭാഗമായി. ‘റെസ്റ്റ് ഇൻ പീസ്’ എന്ന വാക്യമായിരുന്നു അണ്ടർടേക്കറുടെ ഏറ്റവും പ്രശസ്തമായ ഡയലോഗ്. കണ്ണുരുട്ടി പ്രത്യേക മുഖഭാവത്തോടെ അദ്ദേഹം ഇത് ഉരുവിട്ടപ്പോൾ എതിരാളികൾ മാത്രമല്ല, പ്രേക്ഷകരും പേടിച്ചിരുന്നു .