ഭുവനേശ്വർ: അഞ്ചുവയസുകാരി മകളുടെ കൊലപാതകത്തിൽ അന്വേഷണം വൈകുന്നുവെന്നാരോപിച്ച് മാതാപിതാക്കൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭുവനേശ്വറിലെ ഒഡീഷ നിയമസഭാ കെട്ടിടത്തിനു മുന്നിലാണ് സംഭവം നടന്നത്. ദേഹത്ത് തീ കൊളുത്താൻ ശ്രമിച്ച ദമ്പതികളെ പൊലീസെത്തി തടയുകയായിരുന്നു. നയാഗ്ര ജില്ലയിലുള്ള അശോക്, സൗദാമിനി സാഹു എന്നിവരാണ് ആത്മാഹൂതിക്ക് ശ്രമിച്ചത്. ഇവരുടെ അഞ്ചു വയസുകാരി മകളെ ഇക്കഴിഞ്ഞ ജൂലായ് 10ന് കാണാതായി. വീട്ടിനു മുന്നിലിരുന്ന് കളിക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്. രണ്ടാഴ്ചയ്ക്കു ശേഷം കുഞ്ഞിന്റെ മൃതദേഹം കണ്ണ് ചൂഴ്ന്നെടുത്ത്, വൃക്കകൾ നീക്കം ചെയ്ത നിലയിൽ വീട്ടിനു പിന്നിലെ ചെളിപ്പാടത്തു നിന്ന് കണ്ടെത്തിയിരുന്നു.
ഇതു സംബന്ധിച്ച് നയാഗ്ര പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ല. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ അടുത്ത അനുയായിക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ട്. രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് പൊലീസ് കേസിനു നേരെ മുഖം തിരിക്കുന്നത് എന്നാണ് അശോക് പറയുന്നത്. പരാതി പിൻവലിക്കാൻ വിസമ്മതിച്ചതിന് നേതാവിന്റെ ഗുണ്ടകൾ തങ്ങളെ അക്രമിച്ചതായും അശോക് പറയുന്നു.