തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ജീവന് ഭീഷണിയുണ്ടെന്നും സ്വാധീനങ്ങൾക്ക് വഴങ്ങാതെ ദിലീപിന് എതിരായ മൊഴിയിൽ ഉറച്ചുനിൽക്കുമെന്നും പ്രധാന സാക്ഷികളിൽ ഒരാളായ ജിൻസൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റാൻ സമ്മർദ്ദമുണ്ട്. തന്നെ സ്വാധീനിക്കാൻ വിളിച്ച ആളുടെ സംഭാഷണം സി.ഡിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ഇതുൾപ്പെടെ പൊലീസിന് കൈമാറും. പ്രതിക്ക് അനുകൂലമായി മൊഴി നൽകിയാൽ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തത്. രണ്ട് തവണ വിളിച്ചിരുന്നു. വിളിക്കുന്നത് അഭിഭാഷകൻ പറഞ്ഞിട്ടാണെന്നും ദിലീപ് അറിഞ്ഞിട്ടാണെന്നുമാണ് പറഞ്ഞത്. ആദ്യം സൗഹാർദ്ദത്തോടെയാണ് വിളിച്ചത്. വിചാരണ തുടങ്ങിയ ശേഷമാണ് രണ്ടാമത് വിളിച്ചത്. തീവ്രവാദക്കേസ് ആരോപിക്കപ്പെട്ടവരുടെ ബന്ധുവാണ് വിളിച്ചതെന്നാണ് അറിയുന്നത്. അതുകൊണ്ടാണ് ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നത്. ജിൻസൻ പീച്ചി പൊലീസിൽ ഇ മെയിൽ വഴി പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി. പ്രധാന പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ചുവന്നമണ്ണ് സ്വദേശി നെല്ലിക്കൽ ജിൻസൺ (40).