തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ അടിക്കടി അപകടത്തിൽപെടുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയും യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനും വേണ്ടി കെ.എസ്.ആർ.ടി.സി ആക്സിഡന്റ് മോണിറ്ററിംഗ് സംവിധാനത്തിന് രൂപം നൽകി. ഏഴംഗ സമിതിയെയാണ് കെ.എസ്.ആർ.ടി.സി നിയോഗിച്ചിരിക്കുന്നത്.
സമിതിയുടെ ഘടന
എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ്) ആണ് സമിതിയുടെ തലവൻ. കെ.എസ്.ആർ.ടി.സി സാങ്കേതിക വിദഗ്ദ്ധർ, നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്), സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി ഡാക്) എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെട്ട മുൻ അപകടങ്ങളെ കുറിച്ച് സമിതി പഠിക്കുകയും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകളും സമിതി പഠിച്ച ശേഷം സമർപ്പിക്കും.
അപകടങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് കുപ്രസിദ്ധി
ഏതാണ്ട് 6,000 ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. അയ്യായിരത്തോളം ബസുകൾ നിരത്തുകളിൽ സർവീസ് നടത്തുന്നുണ്ട്. അപകടങ്ങളുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് കുപ്രസിദ്ധിയാണുള്ളത്. ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2006നും 2018നും ഇടയിലുള്ള ഒരു വ്യാഴവട്ട കാലത്ത് കെ.എസ്.ആർ.ടി.സി ബസുകൾ അപകടത്തിൽപെട്ടതിലൂടെ 2635 പേർക്കാണ് ജീവൻ നഷ്ടമായത്. ഇക്കാലയളവിൽ 15,226 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വർഷം മാത്രം അപകടമുണ്ടാക്കിയതിന് 5,000 ഡ്രൈവർമാർക്ക് ശിക്ഷ ലഭിച്ചു. മിക്ക അപകടങ്ങൾക്കും കാരണം ഡ്രൈവറർമാരുടെ അശ്രദ്ധയും അലക്ഷ്യവും ഗർവോടെയുമുള്ള ഡ്രൈവിംഗുമാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും സമാനമായ അഭിപ്രായമാണുള്ളത്. ഇതേ ത്തുടർന്നാണ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.
ജീവനക്കാർക്ക് സ്ഥിരമായി പരിശീലനം നൽകുന്നത് കൂടാതെ അപകടങ്ങൾ കുറയ്ക്കുന്നതിന് ദീർഘദൂര സർവീസുകളിലെ ഡ്രൈവർമാരെ യാത്രയ്ക്കിടെ മാറ്റുന്ന പരിഷ്കാരവും കെ.എസ്.ആർ.ടി.സി നടപ്പാക്കിയിട്ടുണ്ട്. അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതും ഇൻഷ്വറൻസ് പ്രീമിയവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. പ്രതിവർഷം 2.60 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി ഇൻഷ്വറൻസ് കമ്പനികൾക്കായി നൽകുന്നത്. ഇതിലൂടെ 50 കോടിയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് യാത്രക്കാർക്ക് ലഭിക്കുക. കഴി|ഞ്ഞ വർഷം തമിഴ്നാട്ടിലെ അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ട് 19 യാത്രക്കാർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ ഇൻഷ്വറൻസ് പദ്ധതിയുടെ സഹായത്താലാണ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞത്. ഇൻഷ്വറൻസ് പോളിസിയിലൂടെ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 30 ലക്ഷം രൂപയാണ് ലഭിച്ചത്. ഇപ്പോൾ രൂപീകരിച്ച ആക്സിഡന്റ് മോണിറ്ററിംഗ് സംവിധാനത്തിന്റെ ഭാഗമായി ഇൻഷ്വറൻസ് പ്രീമിയം തുക പരിഷ്കരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ യാത്രക്കാരിൽ നിന്ന് സുരക്ഷാ സെസ് പിരിക്കാനും ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇൻഷ്വറൻസ് ഇല്ലാതെ 1,845 ബസുകൾ
സംസ്ഥാനത്ത് ഇൻഷ്വറൻസ് ഇല്ലാതെ പല ഡിപ്പോകളിലായി 1,845 കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. ബസുകളുടെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞ കാര്യം പല ഡിപ്പോകളിലുള്ള ഉദ്യോഗസ്ഥർക്കും അറിയില്ല. ബസ് ഒന്നിന് 60,000 രൂപയാണ് ഇൻഷ്വറൻസ്. എല്ലാ ബസുകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണമെങ്കിൽ 12 കോടിയിൽ അധികം വേണ്ടിവരും. ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് ഇത് ശ്രമകരമാണ്. ഇതുകൂടാതെ ഇൻഷ്വറൻസ് ഇല്ലാത്ത ബസുകൾ അപകടത്തിൽപെട്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. കെ.എസ്.ആർ.ടി.സി മാനേജ്മെന്റാണ് നഷ്ടപരിഹാരം നൽകേണ്ടത്.