ചെമ്പറമ്പാക്കം ഷട്ടറുകൾ തുറന്നു
ചെന്നൈ: ചെന്നൈയുടെ ജലസ്രോതസായ ചെമ്പറമ്പാക്കം തടാകം കനത്ത മഴയിൽ നിറയാറായതിനെ തുടർന്ന് ഷട്ടറുകൾ ഇന്നലെ ഉച്ചയ്ക്ക് തുറന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ചെമ്പറമ്പാക്കം റിസർവോയറിന്റെ ഷട്ടറുകൾ തുറക്കുന്നത്. അഡയാർ നദിയിലേക്കാണ് വെള്ളം തുറന്നു വിടുന്നത്. ഇതേത്തുടർന്ന് അഡയാർ നദീതീരത്തെ ജനങ്ങളെ 169 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. നദീതീര മേഖലകളായ കോടമ്പാക്കം, അഡയാർ, വൽസരവാക്കം പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളുവർ, കഡലൂർ ജില്ലകളിൽ ചൊവ്വാഴ്ച ഉച്ച മുതൽ അതിശക്തമായ മഴയാണ്. ശിലാക്ഷേത്ര സമുച്ചയത്തിന് പ്രശസ്തമായ മാമല്ലപുരം വെള്ളത്തിലായി.
ചുഴലിക്കാറ്റ് ഇന്നലെ ഉച്ചയോടെ ചെന്നൈയുടെ 450 കിലോമീറ്റർ തെക്കുപടിഞ്ഞാറ് എത്തിയിരുന്നു. ദുരന്ത നിവാരണ പരിശീലനം ലഭിച്ച നൂറുകണക്കിന് കമാൻഡോകൾ ഉൾപ്പെടെ ആയിരക്കണക്കിന് പൊലീസുകാരെ തീരപ്രദേശങ്ങളിൽ വിന്യസിച്ചു. കരസേനയും പന്ത്രണ്ട് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.
കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും ഉൾപ്പെടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള പന്ത്രണ്ട് ഫ്ലൈറ്റുകൾ റദ്ദാക്കി.
കാറ്റ് ശക്തമായതോടെ അപകടങ്ങൾ ഒഴിവാക്കാൻ ചെന്നൈ നഗരത്തിലെ അഞ്ഞൂറിലെറെ കൂറ്റൻ ഹോർഡിംഗുകൾ ഇന്നലെ ഉച്ചയോടെ മാറ്റി. കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിൽ ജലവിഭവ വകുപ്പിന്റെ 909 ജലാശയങ്ങളിൽ 148 എണ്ണം പൂർണമായും 254 എണ്ണം 74 ശതമാനവും നിറഞ്ഞു. ചെന്നൈയിൽ ഇന്നലെ 12. 8 സെന്റീമീറ്റർ മഴപെയ്തു.
പുതുച്ചേരി തുറമുഖത്ത് അതീവഗുരുതരമായ പത്താം നമ്പർ അപായ അടയാളം ഉയർത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് തുറമുഖത്ത് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.
ആന്ധയുടെ നെല്ലൂർ, പ്രകാശം തുടങ്ങിയ തീരദേശ ജില്ലകളാണ് ചുഴലി ഭീഷണി നേരിടുന്നത്.
ചെന്നൈ ട്രെയിനുകൾ ഈറോഡിൽ നിറുത്തി
തിരുവനന്തപുരം: നിവർ ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് കേരളത്തിൽ നിന്ന് പുറപ്പെട്ട ചെന്നൈ ട്രെയിനുകൾ ഇന്നലെ ഈറോഡിൽ യാത്ര അവസാനിപ്പിച്ചു. ഇന്ന് ഇവിടെ നിന്നായിരിക്കും മടക്കയാത്ര. തിരുവനന്തപുരം - ചെന്നൈ മെയിൽ, ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് ട്രെയിനുകളാണ് ഈറോഡ് ജംഗ്ഷനിൽ യാത്ര നിറുത്തിയത്. ഇന്നലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട കാരായ്ക്കൽ എക്സ്പ്രസ്, തിരുച്ചിറപ്പള്ളി ജംഗ്ഷൻ വരെയാണ് സർവീസ് നടത്തിയത്. ഇന്ന് തിരുച്ചിറപ്പള്ളിയിൽ നിന്നാകും മടക്കയാത്ര ആരംഭിക്കുക.