സ്വതന്ത്ര ഇന്ത്യയുടെ ശില പാകിയ ചരിത്രപരമായ ആ ദിവസത്തിന്റെ 71ാം വാർഷികമാണ് ഇന്ന്. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത് 1949 നവംബർ 26ന്.
ലോകത്തെ എല്ലാ ഭരണഘടനകളും പഠനവിധേയമാക്കിയും നിരവധി ചർച്ചകൾക്കും ശേഷമാണ് ഇന്ത്യൻ ഭരണഘടനക്ക് രൂപം നൽകിയത്. ഭരണഘടനാ ശിൽപികളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. കരട് കമ്മിറ്റി രണ്ട് വർഷവും 11 മാസവും 17 ദിവസവും ചെലവഴിച്ച് 141 തവണ യോഗം ചേർന്നാണ് ഭരണഘടനയുടെ ആമുഖം, 395 അനുച്ഛേദങ്ങൾ, എട്ട് പട്ടികകൾ എന്നിവ തയ്യാറാക്കിയതെന്ന് മനസിലാക്കുമ്പോൾ അവരുടെ കഠിനാധ്വാനത്തിന്റെ ആഴം നമുക്ക് മനസിലാക്കാനാകും.
വളരെ നാളുകളെടുത്ത്, കാലാകാലങ്ങളിൽ പല തവണ ഭേദഗതികൾക്ക് വിധേയമായാണ് നിലവിലുള്ള ഭരണഘടന രൂപപ്പെടുത്തിയത്. നിലവിൽ നമ്മുടെ ഭരണഘടനയ്ക്ക് 400ൽ അധികം അനുച്ഛേദങ്ങളും 12 പട്ടികകളും ഉണ്ട്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ട് കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഭരണഘടന തുടരുന്നതെന്നാണ് ഇതുവഴി വ്യക്തമാകുന്നത്.
ഇന്ത്യൻ ഭരണഘടന ഒരു നിയമസംഹിത മാത്രമല്ല, മറിച്ച് എല്ലാ ജനവിഭാഗങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പുനൽകുകയും ജാതി, വിശ്വാസം, ലിംഗം, പ്രദേശം, വിഭാഗം, ഭാഷ തുടങ്ങിയ ഭേദമില്ലാതെ തുല്യത വിഭാവനം ചെയ്യുകയും രാജ്യം പുരോഗതിയുടെയും സമൃദ്ധിയുടേയും പാതയിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇത് ഭരണഘടനാശിൽപ്പികൾക്ക് ഇന്ത്യൻ ദേശീയതയിൽ ഉണ്ടായിരുന്ന അടിയുറച്ച വിശ്വാസമാണ് വ്യക്തമാക്കുന്നത്. ഭരണഘടന നിലവിൽ വന്ന ശേഷമുള്ള കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ നാം നിരവധി നാഴികക്കല്ലുകൾ പിന്നിട്ട് കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ബഹുമതി നമുക്ക് സ്വന്തമാണ്. കോടിക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന പ്രക്രിയ ആയിട്ടും തെരഞ്ഞെടുപ്പുകൾ ഭംഗിയായി നടത്തി, ഒരിക്കലും അസ്ഥിരതയ്ക്ക് ഇരയാകാതെ നമ്മുടെ ജനാധിപത്യം മുന്നോട്ട് സഞ്ചരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടന ജനങ്ങളുടെ താൽപ്പര്യത്തിനു പ്രത്യേക ഊന്നൽ നൽകുന്നു എന്നതിനു തെളിവാണ് അതിലെ മൂന്നാം ഭാഗത്തിലെ അനുച്ഛേദം 12 മുതൽ 35 വരെയുള്ള മൗലികാവകാശങ്ങളെക്കുറിച്ചുള്ള ഭാഗം. ഈ ഭാഗം ഇന്ത്യയിലെ ജനങ്ങളെ തുല്യരായി പരിഗണിക്കണമെന്നും അതിലൂടെ രാജ്യം ഒത്തൊരുമയുള്ള ഒരു ശക്തിയായി മുന്നേറണമെന്നും വിഭാവനം ചെയ്യുന്നു. ഭരണഘടനയുടെ ആദ്യ രൂപത്തിൽ ഏഴ് മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ 44ാം ഭേദഗതിയിലൂടെ സ്വത്തിനുള്ള അവകാശം വേർതിരിക്കുകയും ഭരണഘടനയിലെ നിയമ അവകാശങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ആയതിനാൽ ഇന്ന് നമ്മുടെ ഭരണഘടന പൗരൻമാർക്ക് ആറ് മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നു. തുല്യതക്കുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതവിശ്വാസത്തിനുള്ള അവകാശം, സാംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം, ഭരണഘടന പരിഹാരങ്ങൾക്കുള്ള അവകാശം എന്നിവയാണ് അവ. പൗരന്മാർക്കു നൽകിയ അവകാശങ്ങൾ നമ്മുടെ ഭരണഘടനയുടെ ആത്മാവാണ്.
മൗലികാവകാശങ്ങളോടൊപ്പം ഭരണഘടന ചില മൗലിക കർത്തവ്യങ്ങളും കൂടി പൗരന്മാരിൽ നിന്ന് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ ആദ്യ രൂപത്തിൽ തന്നെ മൗലികാവകാശങ്ങൾ ഉൾപ്പെട്ടപ്പോൾ കാലക്രമേണ ജനങ്ങൾക്ക് ചില മൗലിക കർത്തവ്യങ്ങൾ കൂടി ആവശ്യമാണെന്ന തിരിച്ചറിവുണ്ടായി. 42ാം ഭേദഗതിയിലൂടെ മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ചേർക്കുകയുണ്ടായി.
മൗലികാവകാശങ്ങൾക്കൊപ്പം മൗലിക കർത്തവ്യങ്ങൾ കൂടി കൂട്ടിച്ചേർക്കുക വഴി ഭരണഘടന രാജ്യത്തെ പൗരൻമാർ നേരിട്ട് അധികാരം പ്രയോഗിക്കുന്നതിന് പകരം ജനാധിപത്യ രീതിയിൽ ചില കടമകളും പെരുമാറ്റങ്ങളും നിർവഹിക്കുക എന്ന ലക്ഷ്യമാണ് വച്ചത്.
ഭരണഘടന നടപ്പിൽ വരുത്തിയ ശേഷം നാം ഇന്ന് 71 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ അവസരത്തിൽ ദീർഘവീക്ഷണമുള്ള നമ്മുടെ ഭരണഘടനാ ശിൽപ്പികളെ ആദരിക്കാം; ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊണ്ട് സമാധാനം, സഹവർത്തിത്തം, സാഹോദര്യം എന്നീ മൂല്യങ്ങൾ അടിസ്ഥാനമാക്കി 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. അവകാശങ്ങളേക്കാളുപരി ചുമതലകളെക്കുറിച്ച് നമുക്ക് ബോധവാൻമാരാകാം.