തൃശൂർ: ബി.എയ്ക്കും എം.എയ്ക്കും ഒന്നാം റാങ്കും എൽ.എൽ.ബിയും പി.എച്ച്.ഡിയും നേടിയ ശേഷം തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപകനായി. പക്ഷേ, ലഹരിയുടെ വഴികളിൽ കുടുങ്ങി ഡോ. ജോൺസ് കെ. മംഗലം.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ, മഷിക്കുപ്പിയിൽ കൂട്ടുകാരൻ സ്നേഹപൂർവം നൽകിയ നാടൻ ചാരായത്തിലായിരുന്നു തുടക്കം. ഇന്നലെ മരണത്തിന് കീഴടങ്ങുമ്പോൾ ആയിരങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച വഴിവിളക്കായി മാറി അദ്ദേഹം.
അരാജക ജീവിതമായിരുന്നു ജോൺസിന്റേത്. മൂക്കറ്റം മദ്യപിച്ച് ബോധം കെട്ട് തൃശൂർ സാഹിത്യ അക്കാഡമി വളപ്പിൽ ബോധം കെട്ടുറങ്ങിയിരുന്ന കാലം. പലരും 'പരേതനായ ജോൺസൺ' എന്ന വിളിപ്പേരും കൊടുത്തു. ഭാര്യ രാജിയുടെ സ്വപ്നങ്ങളൊക്കെ ജോൺസന്റെ മദ്യാസക്തിയിൽ കുതിർന്നു. 'കുടിയന്റെ കുമ്പസാരം' എന്ന പുസ്തകത്തിൽ ജോൺസൺ തന്റെ ഭൂതകാലം പങ്കുവയ്ക്കുന്നുണ്ട്.
മദ്യമുക്തി കേന്ദ്രങ്ങളിലെല്ലാം അഭയം തേടി മദ്യാസക്തിക്ക് അറുതിവരുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. 36 വയസാകുമ്പോൾ ലിവർ സീറോസിസ് ഉൾപ്പടെയുള്ള കരൾ രോഗങ്ങൾക്കടിമപ്പെട്ടു. ആമ്പല്ലൂർ സാൻജോസ് ഡി അഡിക്ഷൻ സെന്ററിലെ ഡോ. വി.ജെ പോളിന്റെ അടുത്തെത്തിയത് വഴിത്തിരിവായി. വലിയ തുകയ്ക്ക് ഇൻഷ്വറൻസ് പോളിസിയെടുത്ത് മരിക്കാനിറങ്ങി.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഡോ. വി.ജെ പോളിന്റെ അടുത്തെത്തുന്നത്. വലിയ ഡിഗ്രി കൊണ്ടെന്ത് കാര്യമെന്ന ഡോക്ടറുടെ ചോദ്യം ജോൺസന്റെ മനസിൽ ചിന്തകളുണർത്തി. മദ്യവിമുക്ത ജീവിതത്തെക്കുറിച്ചുള്ള ഡോക്ടറുടെ വാക്കുകൾ ജീവിതം മാറ്റിമറിച്ചു. മദ്യാസക്തിയിൽ ആനന്ദം കണ്ടെത്തിയിരുന്ന അരാജക ലോകത്തിന് അതോടെ അന്ത്യമായി.
കുടി നിറുത്തിയതോടെ കേരളവർമ്മ കോളേജിലെ അദ്ധ്യാപക ജോലി തിരിച്ചുകിട്ടി. ഫിലോസഫി വിഭാഗം തലവനായി. 2004 ൽ പൂമലയിൽ പുനർജനിയെന്ന മദ്യമുക്തികേന്ദ്രത്തിന് തുടക്കമിട്ടു. പൂമല ഡാമിനോട് ചേർന്ന് ഒരേക്കർ സ്ഥലത്താണ് പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ഫോർ ഡി അഡിക്ഷൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററുള്ളത്. മദ്യപരെ പൂട്ടിയിട്ടോ അടച്ചിട്ടോ ചികിത്സിക്കുന്ന രീതിയല്ല പുനർജനിയിലേത്.
മദ്യാസക്തനായ രോഗിക്കൊപ്പം ഭാര്യയും കഴിയണമെന്നും പുനർജനിയിൽ നിർബന്ധമാണ്. മദ്യപാനത്തിന്റെ യഥാർത്ഥ കാരണമെന്തെന്ന് രോഗിയ്ക്കൊപ്പം പങ്കാളിയും അറിയണം. പുനർജനിയിലെത്തുന്നവർ സർവ സ്വതന്ത്രരാണ്.
പൂമല ഡാമിലെ ദേവാലയത്തിലോ അവർക്ക് ചെലവഴിക്കാം. സമാനഹൃദയരുടെ കൂട്ടായ്മയുണ്ടാക്കാം. മരുന്നില്ലാതെ മന:ശാസ്ത്രപരമായ സമീപനമാണ് പുനർജനി അവലംബിക്കുന്നത്. അദ്ധ്യാപക പദവിയിൽ നിന്നും അടുത്തിടെയാണ് വിരമിച്ചത്. നിരവധി പേരെ മദ്യാസക്തിയിൽ നിന്നും വിമുക്തരാക്കി ഒടുവിൽ ജോൺസ് മടങ്ങി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പൂമല ഓർത്തഡോക്സ് ചർച്ച് പള്ളിയിൽ നടക്കും.