ബ്യൂണേഴ്സ് അയേഴ്സ്:പാതിവഴിയിൽ ഫൈനൽ വിസിൽ മുഴങ്ങിയ മത്സരമെന്നപോലെ,ആരാധകലോകത്തെ ഞെട്ടലിലാഴ്ത്തി ലോക ഫുട്ബാളിലെ പകരക്കാരനില്ലാത്ത അത്ഭുത പ്രതിഭാസം ഡീഗോ മറഡോണ ജീവിതത്തിൽ നിന്ന് വിടവാങ്ങി. അർജന്റീന എന്ന ലാറ്റിനമേരിക്കൻ രാജ്യത്തുനിന്ന് കാൽപ്പന്തിന്റെ മായാജാലം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച,ദൈവവും ചെകുത്താനും മാറിമാറി ആവേശിച്ച, ഒരേ മത്സരത്തിൽതന്നെ ദൈവത്തിന്റെ കൈകൊണ്ട് നേടിയ ഗോളിനും നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളിനും ജന്മം നൽകിയ, നായകനായി ലോകകപ്പ് ഏറ്റുവാങ്ങി ചുംബിക്കുകയും ലോകകപ്പ് വേദിയിൽത്തന്നെ നിരോധിത മരുന്നടിച്ചതിന് തലതാഴ്ത്തി മടങ്ങുകയും ചെയ്ത , ഇനിയുമേറെക്കാലം ഈ ലോകത്തുവാഴണമെന്ന് ആരാധകർ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വിസ്മയമായിരുന്നു കഴിഞ്ഞ ഒക്ടോബർ 30ന് 60-ാം പിറന്നാൾ ആഘോഷിച്ച മറഡോണ.
തലച്ചോറിലെ രക്തസ്രാവത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രി വിട്ട് ട്രിഗ്രെയിലെ മകളുടെ വസതിയിലായിരുന്നമറഡോണ ഹൃദയാഘാതത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്.അസുഖത്തിൽ നിന്ന് മുക്തനാകുന്നുവെന്ന് ആരാധകലോകം ആശ്വസിക്കുന്നതിനിടെയാണ് ജീവിത മൈതാനത്ത് നിന്നുള്ള മറഡോണയുടെ അപ്രതീക്ഷിത വിടവാങ്ങൽ. അർജന്റീന ഫുട്ബാൾ അസോസിയേഷൻ മറഡോണയുടെ മരണ വാർത്ത സ്ഥിരീകരിച്ചു. ഞങ്ങളുടെ ഇതിഹാസത്തിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും നിങ്ങൾ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്ര് ചെയ്തു.
ബ്യൂണേഴ്സ് അയേഴ്സിലെ തെരുവിൽ നിന്ന് ഇല്ലായ്മകളോട് പൊരുതി തുകൽപന്തുകൊണ്ട് ലോകം കീഴടക്കിയ കഥയാണ് മറഡോണയുടേത്. കളിക്കാരനായും മാനേജരായും ഫുട്ബാളിൽ സമാനതകളില്ലാത്ത പേരാണ് മറഡോണ.
1986ൽ മെക്സിക്കോ ലോകകപ്പിൽ ഒരു പറ്രം ശരാശരിക്കാരുമായെത്തി തന്റെ പ്രതിഭാവിലാസം കൊണ്ട് അർജന്റീനയെ ചാമ്പ്യൻമാരാക്കിയതോടെയാണ് മറഡോണ അമാനുഷക പ്രഭാവത്തിലേക്കുയരുന്നത്. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ ആസ്ടക്ക സ്റ്റേഡിയത്തിൽ നേടിയ രണ്ട് ഗോളുകൾ ഫുട്ബാൾ പ്രേമികൾക്ക് ഇന്നും ഒരു മരീചികയാണ്. ആദ്യ ഗോൾ ദൈവത്തിന്റെ കൈയെന്നും ഇംഗ്ലണ്ടിന്റെ ആറോളം താരങ്ങളെ ഡ്രിബിൾ ചെയ്ത് അറുപത് മീറ്രറോളം താണ്ടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോളായും വാഴ്ത്തപ്പെട്ടു.
ആ ഗോളുകൾ പോലെ തന്നെ കളിക്കളത്തിനകത്തും പുറത്തും ഒരേസമയം പ്രിയപ്പെട്ടവനും വെറുക്കപ്പെട്ടവനുമായിരുന്നു മറഡോണ. അമിതമായ ലഹരി ഉപയോഗവും മുൻപിൻ നോക്കാതെയുള്ള പ്രസ്താവനകളും കളികാണാനെത്തി ഗാലറികളിൽ കാട്ടിക്കൂട്ടിയ കസർത്തുകളും അദ്ദേഹത്തെ വിവാദനായകനുമാക്കി.
1960 ഒക്ടോബർ 30ന് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണേഴ്സ് അയേഴ്സിന്റെ പ്രാന്തപ്രദേശമായ ലാനസിൽ ഡീഗോ മറഡോണ സീനിയറിന്റെയും ഡാൽമ സാൽവഡോർ ഫ്രാങ്കയുടേയും മകനായാണ് മറഡോണയുടെ ജനനം. ദാരിദ്ര്യം നിറഞ്ഞാടിയ ബാല്യകാലത്ത് ഫുട്ബാളായിരുന്നു കുഞ്ഞു മറഡോണയുടെ പ്രധാന കൂട്ടുകാരൻ. 1977 ഫെബ്രുവരി 27ന് തന്റെ പതിനാറാം വയസിൽ ഹംഗറിക്കെതിരെയാണ് മറഡോണയുടെ രാജ്യാന്തര അരങ്ങേറ്രം. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ചാമ്പ്യനാക്കി ആ അഞ്ചടി അഞ്ചിഞ്ചുകാരൻ വരവറിയിച്ചു. നാല് ലോകകപ്പുകളിൽ കളിച്ചു. 1990ലോകകപ്പിൽ അർജന്റീനയെ റണ്ണേഴ്സ് അപ്പാക്കി. 1994 ലോകകപ്പിനിടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് പുറത്തായി. 2010ൽ അർജന്റീനയുടെ പരിശീലകനായും ലോകകപ്പിനെത്തി.