വൈപ്പിൻ: സിനിമാഗാനത്തെ ഓർമ്മിപ്പിക്കുന്നതാണ് വൈപ്പിൻ- പള്ളിപ്പുറം സംസ്ഥാന പാതക്കിരുവശവും. ആയിരം തണൽമാമരങ്ങൾക്ക് പകരം മത്സ്യസ്റ്റാളുകളാണെന്ന് മാത്രം. അതാകട്ടെ, ഓരോ ദിനവും എണ്ണം കൂടിക്കൂടി വരികയുമാണ്! 25 കിലോമീറ്റർ നീളം വരുന്ന ഈ സംസ്ഥാനപാതയിൽ മൂന്ന് വർഷം മുമ്പ് വരെ ഓരോ പഞ്ചായത്തിലും പഞ്ചായത്ത് ലൈസൻസിൽ രണ്ടോ മൂ്നനോ മത്സ്യമാർക്കറ്റുകളാണുണ്ടായിരുന്നത്.
എണ്ണം കൂട്ടി കൊവിഡ്
ആ മത്സ്യമാർക്കറ്റുകൾ സംസ്ഥാനപാതയിൽ നിന്ന് മാറി ഉള്ളിലേക്ക് നീങ്ങിയാണുണ്ടായിരുന്നത്. മത്സ്യം വാങ്ങാനെത്തുന്നവർ മത്സ്യമാർക്കറ്റുകളിൽ കയറിയാണ് മത്സ്യം വാങ്ങിച്ചിരുന്നത്. ഈ മാർക്കറ്റ് ഏതെങ്കിലും വ്യക്തിക്ക് ഒരു വർഷക്കാലയളവിലേക്ക് ലേലം ചെയ്തു കൊടുത്ത് ലേല തുക പഞ്ചായത്തിൽ അടച്ച് ലൈസൻസ് വാങ്ങി വില്പനാവകാശം നാലോ അഞ്ചോ വ്യക്തികൾക്ക് നൽകി അവരിൽ നിന്ന് ഓരോ ദിവസവും ഫീസ് വാങ്ങുകയും ചെയ്തിരുന്നു. തിരക്കേറിയ സംസ്ഥാനപാതക്കരികിൽ മത്സ്യവില്പനയുടെ ബഹളവുമുണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ 3 വർഷമായി സ്ഥിതിഗതികൾ അപ്പാടെ മാറി. സംസ്ഥാനപാതക്കരികെ ഓരോ വ്യക്തിയും ചെറിയ മീൻതട്ടുകൾ സ്ഥാപിച്ച് വില്പന നടത്താൻ തുടങ്ങി. ലൈസൻസോ അനുവാദമോ ഫീസോ ഇല്ല. കൊവിഡ് വന്നതോടെ മറ്റ് പലതൊഴിലിനും പോയിരുന്നവർക്ക് തൊഴിലില്ലായതോടെ എളുപ്പത്തിൽ തൊഴിൽ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനപാതക്കരികിൽ മീൻതട്ടുകൾ ഒന്നിനുപുറമേ ഒന്നായി സ്ഥാപിക്കാൻ തുടങ്ങി. ചില്ലറ മീൻ വില്പന തടഞ്ഞ് പേരുദോഷമുണ്ടാക്കാൻ പഞ്ചായത്ത് അധികൃതരോ പൊലീസോ തയ്യാറല്ല. തങ്ങളുടെ തൊട്ടടുത്ത് നിന്ന് മീൻ വാങ്ങാൻ കഴിയുന്ന സ്ഥിതി വരുന്നത്കൊണ്ട് നാട്ടുകാരും പരാതിപ്പെടുന്നില്ല.
പ്രശ്നം കുരുക്ക്
തിരക്കേറിയ സംസ്ഥാനപാതക്കരികെ നൂറുകണക്കിന് മീൻ തട്ടുകടകൾ ആയത് ഗതാഗതപ്രശ്നമുണ്ടാക്കുന്നുണ്ട്. തട്ടുകടകളിലെ മലിനജലം ഒഴുക്കി കളയുന്നതും പാതക്കരികിൽത്തന്നെയാണ്. കോടികൾ ചെലവാക്കി സംസ്ഥാനപാത മനോഹരമാക്കുന്ന പണി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. റോഡിന് ഇപ്പോഴുള്ളതിലും വീതി കൂട്ടുകയും ചെയ്യും. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി പകരം ഭൂഗർഭകേബിളുകളാകുന്നതോടെ വാഹനങ്ങളുടെ സഞ്ചാരപഥം വിസ്തൃതമാകുകയും ചെയ്യും. ഇത്രയുമാകമ്പോൾ പാതക്കരികിലെ മീൻ തട്ടുകൾ വലിയ പ്രശ്നം സൃഷ്ടിക്കാനാണ് സാദ്ധ്യത.