ഒറ്റപ്പാലം: വീൽചെയറിലിരുന്ന് ഷിറാഫുദ്ദീൻ പറയുന്ന പ്രകൃതി സൗഹൃദ രാഷ്ട്രീയത്തിന് പ്രസക്തിയേറെ. പ്ലാസ്റ്റിക്ക് കൊണ്ടുള്ള പ്രചാരണ സാമഗ്രികൾക്ക് പകരം ഷൊർണൂർ കാരക്കാട് നമ്പ്രം പുത്തൻ പീടികേക്കൽ ഷിറാഫുദ്ദീൻ (32) സമർപ്പിക്കുന്നത് പേപ്പർ സീഡ് പേനയാണ്.
സ്ഥാനാർത്ഥിയുടെ ചിത്രം, പേര്, ചിഹ്നം, പാർട്ടി മുതലായവ അടയാളപ്പെടുത്തിയ പേപ്പർ വിത്തുപേന വീൽ ചെയറിൽ ജീവിതം ഒതുങ്ങിയ ഷിറാഫുദ്ദീന്റെ ഉപജീവനം കൂടിയാണ്. ഏഴുരൂപയാണ് ഒരു പേനയുടെ വില. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 3,000 പേന നിർമ്മിച്ചതിൽ 1000ത്തിന് ഓർഡർ ലഭിച്ചു. കൊല്ലം ജില്ലയിലെ സ്ഥാനാർത്ഥികളാണ് സീഡ് പേന ആവശ്യപ്പെട്ടത്. ഇടുക്കിയിൽ നിന്നുള്ള അഗസ്ത്യ മരത്തിന്റെ വിത്താണ് പേനയിൽ ഉപയോഗിച്ചത്. സ്വയംതൊഴിൽ പരിശീലനത്തിൽ നിന്ന് ആർജ്ജിച്ചെടുത്തതാണ് വിത്തുപേന നിർമ്മാണം.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് വലിച്ചെറിയുന്ന പേനകളിൽ നിന്ന് മുളയ്ക്കുന്ന ചെടികൾ നാടിന് ഹരിത ഭംഗിയേകും. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും പാർട്ടികളും പ്രകൃതിയെ മാനിക്കാൻ മനസുവെച്ചാൽ താനും രക്ഷപ്പെടുമെന്ന് യുവാവ് പ്രത്യാശിക്കുന്നു.
2016ൽ നടന്ന അപകടമാണ് ഷിറാഫുദ്ദീന്റെ ജീവിതം വീൽച്ചെയറിൽ തളച്ചത്. എട്ടുവർഷം പ്രവാസ ലോകത്ത് നിന്ന് നേടിയതെല്ലാം കൊഴിഞ്ഞ് ലക്ഷങ്ങളുടെ കടം പെരുകി. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഫോൺ: 9539923444.