അയ്മനം: വീട്ടിലെയും നാട്ടിലേയും ഖരമാലിന്യങ്ങൾ മാത്രം നീക്കിയാൽ മതിയോ. രാഷ്ട്രീയ രംഗം കൂടി ഒന്നു ശുദ്ധീകരിക്കേണ്ടേ? ഹരിത കർമ്മ സേനാംഗം കൂടിയായ അന്നമ്മ വോട്ടു തേടുന്നത് അതിനാണ്.
അയ്മനം പതിനൊന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് അന്നമ്മ. വോട്ട് ചോദിച്ച് മടങ്ങുമ്പോൾ വീട്ടുകാർ ഏൽപ്പിക്കുന്ന ഒരു കവറും ഇവരുടെ കൈയിൽ കാണും. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങിയ കവർ. മാലിന്യശേഖരണവും വോട്ടുപിടിത്തവും ഒരു പോലെ കൊണ്ടുപോവുകയാണ് അന്നമ്മ രാജീവ് എന്ന സ്ഥാനാർത്ഥി. വീടുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ അജൈവ മാലിന്യങ്ങൾ സംഭരിച്ച് സംസ്ക്കരണ പ്ലാന്റുകളിൽ എത്തിക്കും.
വാർഡിലെ എല്ലാ വീട്ടുകാരെയും അറിയാവുന്ന സ്ഥാനാർത്ഥിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. അതു കൊണ്ടുതന്നെയാണ് സ്ഥാനാർത്ഥിത്വത്തിലേയ്ക്ക് പരിഗണിക്കപ്പെട്ടതും. ഏവർക്കും അന്നമ്മയുടെ ജോലിയെ കുറിച്ച് ഏറെ മതിപ്പ്. കൈകൾ നിറയെ പ്ലാസ്റ്റിക് മാലിന്യ കവറുകളും താങ്ങി തന്റെ പ്രചാരണബോർഡുകൾ നിറഞ്ഞ പാതയോരങ്ങളിലൂടെയുള്ള സ്ഥാനാർത്ഥിയുടെ നടത്തം കൗതുക കാഴ്ചയാണ്. ഭർത്താവ് രാജീവിന്റെ നിറഞ്ഞ പിന്തുണയാണ് തന്റെ കരുത്തെന്ന് അന്നമ്മ പറയുന്നു. ഒന്നാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥ് ഏക മകനാണ്.
ഹരിത കർമ്മ സേനയുടെ അജൈവ മാലിന ശേഖരണം ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന പഞ്ചായത്താണ് അയ്മനം. ഹരിത കർമ്മ സേനയിലെ അംഗങ്ങൾക്കുന്ന ലഭിക്കുന്ന വരുമാനത്തിന്റെ കണക്കിലും അന്നമ്മ ഉൾപ്പെടെയുള്ള പഞ്ചായത്തിലെ സേനാ അംഗങ്ങളാണ് മുന്നിൽ.