കൊച്ചി: സർ നെയിമിന്റെ സ്ഥാനത്ത് വിദ്യാർത്ഥികളുടെ ഇനിഷ്യലുകളുടെ വികസിത രൂപം കൂടി ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഒമ്പത്, 11 ക്ലാസുകളിലെ രജിസ്ട്രേഷൻ ഫോമുകളുടെ ഫോർമാറ്റ് മാറ്റണമെന്ന ആവശ്യം സി.ബി.എസ്.ഇ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രജിസ്ട്രേഷൻ ഫോമിൽ സർനെയിമിന്റെ സ്ഥാനത്ത് പേരിനൊപ്പം ചേർക്കുന്നവയുടെ വികസിതരൂപം എഴുതണമെന്നും ഇനിഷ്യൽ പോലെ അക്ഷരങ്ങളാക്കി ചുരുക്കി എഴുതരുതെന്നുമുള്ള നിർദ്ദേശത്തിനെതിരെ കൊച്ചി സ്വദേശി പി.എ ഹാരിഷ് നൽകിയ ഹർജിയിലാണ് സംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, സ്കൂൾ രേഖകൾ എന്നിവയുമായി പൊരുത്തപ്പെടുന്നതാവണം സർനെയിം കോളത്തിൽ ചേർക്കേണ്ട വിവരങ്ങളെന്നാണ് സി.ബി.എസ്.ഇയുടെ സർക്കുലറിൽ പറയുന്നത്. അഡ്മിഷൻ രജിസ്റ്ററിൽ നൽകിയ വിവരങ്ങളിൽ തന്നെ തുടരാനും കൂട്ടിച്ചേർക്കാനും നീക്കാനും മാറ്റം വരുത്താനും അവസരമാണ് നൽകുന്നതെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു. പിന്നീട് മാറ്റം സാദ്ധ്യമല്ല.
സർ നെയിം എഴുതാനുള്ള കോളത്തിൽ ഇനിഷ്യലിന്റെ വികസിത രൂപം എഴുതണമെന്ന നിർദേശം ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. കേരളത്തിലെ ചില വിഭാഗക്കാർ സർനെയിം ഇല്ലാത്തവരാണ്. ജാതി സൂചിപ്പിക്കുന്നവയായതിനാൽ സർനെയിം ഉള്ളവരിൽ ഭൂരിപക്ഷവും അത് പേരിനൊപ്പം ഉപയോഗിക്കാറില്ല. അവർ ഇനിഷ്യലായി ഉപയോഗിക്കുന്നത് സർനെയിമിെന്റ ചുരുക്കമാകണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചു.