ന്യൂഡൽഹി: ജമ്മുകാശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ കാറിലെത്തിയ മൂന്ന് ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. വെടിവയ്പിനു ശേഷം ഭീകരർ രക്ഷപ്പെട്ടു. എച്ച്.എം.ടി പ്രദേശത്ത് വാഹന വ്യൂഹങ്ങൾക്ക് സുരക്ഷ നൽകാൻ നിയോഗിച്ച ക്വിക് റിയാക്ഷൻ സംഘത്തിലെ സൈനികർക്കു നേരെയാണ് ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിയേറ്റ മറ്റ് രണ്ട് സൈനികർ ചികിത്സയിലാണ്.
ജമ്മുകാശ്മീരിൽ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. മുംബയ് ഭീകരാക്രമണത്തിന്റെ 12-ാം വാർഷികദിനത്തിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരർ വന്നതെന്ന് സൂചനയുണ്ട്.
ആക്രമണത്തിന് പിന്നിൽ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്നാണ് സൂചന. രണ്ടുപേർ പാകിസ്ഥാനികളും ഒരാൾ പ്രദേശ വാസിയുമാണെന്നാണ് സംശയം. ഇവർക്കായി തെരച്ചിൽ തുടങ്ങി. ആക്രമണമുണ്ടായ മേഖലയിൽ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പ്രവർത്തനം സജീവമാണെന്ന് സൈനികർക്ക് വിവരം ലഭിച്ചിരുന്നു. നവംബർ 19ന് ട്രക്കിൽ ശ്രീനഗറിലേക്ക് പോകുകയായിരുന്ന നാല് ജയ്ഷെ മുഹമ്മദ് ഭീകരർ നഗ്രോത ടോൾ പ്ളാസയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.