മറഡോണ പങ്കെടുത്ത കണ്ണൂരിലെ ചടങ്ങിൽ അവതാരകയാകാൻ കഴിഞ്ഞത് മഹാഭാഗ്യം. അന്ന് അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചു. മറഡോണ സ്റ്റേജിലേക്ക് കടന്നുവന്നപ്പോൾ തന്നെ ഉൗർജതലത്തിൽ വിസ്മയകരമായ മാറ്റം വന്നു. ഇതേപോലെ എനർജി ലെവൽ കൊണ്ടു സ്റ്റേജിനെ മാറ്റാൻ കഴിയുന്ന മറ്റൊരാൾ ഷാരൂഖ് ഖാനാണ്. ഇക്കാര്യത്തിൽ മറഡോണ ഷാരുഖിനെക്കാൾ വളരെ ഉയരത്തിലാണ്. ജനങ്ങളുടെ ആരാധനയുടെ തീവ്രതയിൽ നിന്നാവാം അദ്ദേഹത്തിന് ഇത്രമാത്രം ഉൗർജം ലഭിക്കുന്നത്. വെറും അര മണിക്കൂർ കൊണ്ട് കണ്ണൂരിലെ സ്റ്റേജ് അദ്ദേഹം ഇളക്കിമറിച്ചു. ശരിക്കും ഒരു പാർട്ടി ബോയ്. സ്റ്റേജിലെത്തിയപ്പോൾ തന്റെ ആരോഗ്യപ്രശ്നങ്ങളൊക്കെ അദ്ദേഹം മറന്നു. അസാധാരണമായ നിമിഷങ്ങൾ.
അതിശയകരമായ മറ്റൊരു കാര്യം അദ്ദേഹത്തിന് ചുറ്റുമുള്ള പ്രഭാവലയമാണ് . ഇത്രയും ദൈവിക പരിവേഷമുള്ള ഒരാളെ ഞാൻ ജീവിതത്തിലൊരിക്കലും കണ്ടുമുട്ടിയിട്ടില്ല. ജീവിതത്തെ ആഘോഷമാക്കിയ ഈ കായികതാരം എല്ലാ അർത്ഥത്തിലും ഇതിഹാസം തന്നെ. മറഡോണയ്ക്ക് മരണമില്ല. അദ്ദേഹം ജനമനസിൽ എന്നും ജീവിക്കും.