ബാംബോലി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്രഡിനെതിരെ കൈയിലിരുന്ന ജയം തൊണ്ണൂറാം മിനിട്ടിൽ വഴങ്ങിയ ഗോളിൽ കളഞ്ഞുകുളിച്ച് കേരള ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തിപ്പെട്ടു. ബാംബോലിയിൽ നടന്ന കളിയിൽ രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്രേഴ്സ് 2-2ന്റെ സമനില വഴങ്ങിയത്. അഞ്ചാം മിനിട്ടിൽ സിഡോഞ്ചയിലൂടെ ഗോളക്കൗണ്ട് തുറന്ന ബ്ലാസ്റ്റേഴ്സ് ഒന്നാം പകുതിയുടെ അധികസമയത്ത് കിട്ടിയ പെനാൽറ്രി ഗോളാക്കി ലീഡ് വീണ്ടും ഉയർത്തി. ബ്ലാസ്റ്റേഴ്സിന്റെ ഹാൾറിംഗിനെ രാകേഷ് പ്രദാൻ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്രി ഗാരി ഹൂപ്പർ പിഴവില്ലാതെ വലയ്ക്കകത്താക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച നോർത്ത് ഈസ്റ്റ് ക്വെസി അപിയയിലൂടെ ആദ്യ ഗോൾ നേടി. അറുപത്തിയഞ്ചാം മിനിട്ടിൽ നോർത്ത് ഈസ്റ്രിന് അനുകൂലമായി പെനാൽറ്റി കിട്ടിയെങ്കിലും അപിയ പാഴാക്കി. തുടർന്ന് ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ചിരിക്കെ 90-ാം മിനിട്ടിൽ തകർപ്പൻ ഗോളിലൂടെ ഇദ്രിസ സില്ല നോർത്ത് ഈസ്റ്രിന്റെ സമനില ഗോൾ നേടുകയായിരുന്നു.
കൊൽക്കത്ത ഡെർബി
ഈസ്റ്ര് ബംഗാൾ- എ.ടി.കെ മോഹൻ ബഗാൻ
(രാത്രി 7.30 മുതൽ)