എരുമേലി: അയ്യപ്പനും വാവരും കൈകോർത്ത് നിൽക്കുന്ന എരുമേലിയിൽ ഇക്കുറി ആരു പേട്ടകെട്ടുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തുടർച്ചയായി കോൺഗ്രസിന്റെ കൈവശമുള്ള എരുമേലി പിടിക്കാൻ എൽ.ഡി.എഫും എൻ.ഡി.എയും കഠിനപ്രയത്നത്തിലാണ്. റിബൽ ഭീഷണിയെ കോൺഗ്രസ് അതിജീവിച്ചപ്പോൾ, യുവത്വത്തെ കളത്തിലിറക്കി എൽ.ഡി.എഫ്. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസും സജീവമായി. ശക്തമായ സാന്നിദ്ധ്യമാകൻ ജനപക്ഷത്തിന്റെ അനീഷ് വാഴയിലും കളത്തിലുണ്ട്.
തുടർച്ചയായി എൽ.ഡി.എഫിനേയും അതിന് ശേഷം യു.ഡി.എഫിനെയും തുണച്ചിട്ടുണ്ട് എരുമേലി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ യു.ഡി.എഫിന് തലവേദനയായിരുന്നു എരുമേലി. ആദ്യം ലീഗ്. ലീഗിനെ അനുനയിപ്പിച്ചപ്പോൾ കോൺഗ്രസ് വിമതൻമാർ. എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചത് നാമനിർദേശ പത്രിക പിൻവലിക്കേണ്ട ദിവസവും. അതുകൊണ്ട് തന്നെ യു.ഡി.എഫിലെ പ്രശ്നങ്ങൾ ഇക്കുറി അനുകൂലമാകുമെന്ന് മറ്റ് മുന്നണികൾ കണക്കു കൂട്ടുന്നു. എന്നാൽ തങ്ങൾ ഒറ്റക്കെട്ടാണെന്നും വിജയം ഉറപ്പാണെന്നും യു.ഡി.എഫും തറപ്പിച്ചു പറയുന്നു.
കോരുത്തോട്, എരുമേലി, മണിമല, മുണ്ടക്കയം പഞ്ചായത്തുകളുടെ വിവിധ വാർഡുകൾ ഉൾപ്പെടുന്നതാണ് എരുമേലി ഡിവിഷൻ. കർഷകരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന എരുമേലിയിൽ കാർഷിക പ്രശ്നങ്ങളാണ് പ്രധാന ചർച്ചാ വിഷയം. ഡിവിഷനിലുള്ള അടിത്തറയും സാമുദായിക പരിഗണനകളുമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. യു.ഡി.എഫിലെ പടലപ്പിണക്കവും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമാണ് എൽ.ഡി.എഫിന്റെ അനുകൂല ഘടകങ്ങൾ. ബി.ജെ.പിക്കും ബി.ഡി.ജെ.എസിനും സ്വാധീനമുള്ള പ്രദേശം കൂടിയാണ്.
റോയ് കപ്പലുമാക്കൽ (യു.ഡി.എഫ്)
പട്ടാളച്ചിട്ടക്കാരനാണ് റോയ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടേയും സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടേയും എസ്.പി.ജി ടീം അംഗമായിരുന്നു. രാജ്യ സേവനത്തിൽനിന്ന് വോളണ്ടറി റിട്ടയർമെന്റെടുത്താണ് ജനസേവനത്തിനിറങ്ങിയത്. കോൺഗ്രസ് മുണ്ടക്കയം ബ്ളോക്ക് പ്രസിഡന്റ്, മുണ്ടക്കയം സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലിറങ്ങി. പിന്നീട് രാഷ്ട്രീയം വിട്ട് ഇന്ത്യൻ സേനയിൽ ചേരുകയായിരുന്നു.
ശുഭേഷ് സുധാകരൻ (എൽ.ഡി.എഫ്)
സി.പി.ഐ സംസ്ഥാന കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ശുഭേഷ് സുധാകരൻ . എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും നിലവിൽ ദേശീയ വൈസ് പ്രസിഡന്റുമാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള സമരങ്ങളിൽ ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷൻ അംഗമായി ജനസമ്മതി നേടി.
വി.ആർ.രത്നകുമാർ (എൻ.ഡി.എ)
റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനും ബി.ഡി.ജെ.എസ് മണ്ഡലം വൈസ് ചെയർമാനുമായ വി.ആർ.രത്നകുമാറാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി. കോരുത്തോട് സ്വദേശിയാണ്. എസ്.എൻ.ഡി.പി യോഗം കോരുത്തോട് ശാഖാ സെക്രട്ടറി, കോരുത്തോട് സി.കേശവൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ മാനേജർ, പരിസ്ഥിതി സംഘടനയായ ഇ.ഡി.സിയുടെ പെരിയാർ വെസ്റ്റ് കോൺഫെഡറേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോരുത്തോട് ഹയർസെക്കൻഡറി സ്കൂൾ ആരംഭിക്കുന്നതിനു മുഖ്യപങ്ക് വഹിച്ചവരിൽ ഒരാളാണ് .