പെൺകുഞ്ഞുണ്ടാകാൻ മന്ത്രവാദത്തിലേർപ്പെടുന്നവർ, പെൺഭ്രൂണഹത്യകൾ, പെൺകുഞ്ഞുങ്ങളെ ഭാരമായിക്കണ്ട് കൊന്നുകുഴിച്ചുമൂടുന്നവർ, പെൺകുഞ്ഞിന് ജന്മം നൽകിയാൽ ശപിക്കപ്പെട്ടവളാണെന്ന് മുദ്രകുത്തപ്പെടുന്നവർ അങ്ങനെ അങ്ങനെ 'പുത്രപ്രാപ്തി'ക്കായി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പലവിധ സർക്കസുകളിൽ പങ്കെടുക്കുന്ന ജനങ്ങളുള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ മകൾ ജനിക്കാൻ വഴിപാടുകൾ നടത്തുന്ന , മകളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമുദായം നമ്മുടെ രാജ്യത്തുണ്ട്. മദ്ധ്യപ്രദേശിലെ ബഞ്ചഡ സമുദായക്കാർ. പെൺകുഞ്ഞുങ്ങളോടുള്ള സ്നേഹം കൊണ്ടല്ല ഈ ആഘോഷങ്ങൾ, 'പാരമ്പര്യത്തൊഴിലായി' ചെയ്തു വരുന്ന വേശ്യാവൃത്തി മുന്നോട്ട് കൊണ്ടുപോകാൻ ഒരാൾ കൂടി സംഘത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് !. വേശ്യാവൃത്തിയിലൂടെ വീട്ടിലെ സത്രീകൾ കുടുംബഭാരം തലയിലേറ്റുമ്പോൾ പിമ്പായി, ലഹര്യക്കടിമകളായി, വിനോദങ്ങളിൽ ഏർപ്പെട്ട് പുരുഷന്മാർ ജീവിതം മദിച്ചുതീർക്കുന്നു.
എൻ.എച്ച്. 79
മദ്ധ്യപ്രദേശിലൂടെ കടന്നു പോകുന്ന എൻ.എച്ച്. 79 നീമുച്ച് -മൻസോർ ഹൈവേയിൽ റോഡരികിലായി കയറ്റുകട്ടിലുകളിൽ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് ചമയങ്ങളും പൂശിയിരിക്കുന്ന സ്ത്രീകൾ നിത്യകാഴ്ചയാണ്. 12 വയസു മുതൽ അറുപതു വയസോളം പ്രായമുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. അവർ കാത്തിരിക്കുന്നത് ഹൈവേയിലൂടെ കടന്നുപോകുന്നവരിൽ തങ്ങളുടെ ശരീരം ആഗ്രഹിച്ചെത്തുന്ന പുരുഷന്മാരെയാണ്. പകൽവെളിച്ചത്തിൽ നടക്കുന്ന മാംസക്കച്ചവടം. പരസ്യമായ രഹസ്യം .
'എൻ്റെ അമ്മ ഹൈവേയിലൂടെയെത്തുന്ന 'അതിഥി'കളെ സന്തോഷിപ്പിച്ചാണ് പൈസയുണ്ടാക്കിയിരുന്നത്. അമ്മയ്ക്ക് ഞങ്ങൾ മൂന്ന് പെൺമക്കളാണ്. എനിക്ക് പതിനൊന്ന് വയസുള്ളപ്പോഴാണ് എന്നെ ആവശ്യപ്പെട്ട് ഒരാൾ എത്തിയത്. കന്യകാത്വത്തിനും ചേർത്ത് മാതാപിതാക്കളാണ് എനിക്ക് വിലയിട്ടത്. ആദ്യമൊക്കെ ഞാൻ ഉറക്കെ നിലവിളിക്കുമായിരുന്നു. അതിഥികൾക്ക് അപ്പോൾ അതൊരു ഹരമാവും. എൻ്റെ നിലിവിളി ഹൈവേയിലെ വാഹനങ്ങളുടെ ശബ്ദത്തിൽ അലിഞ്ഞ് ഇല്ലാതെയായി. ഇപ്പോൾ എനിക്ക് പതിനാല് വയസുണ്ട്. അമ്മ ഈ തൊഴിയിൽ ഉപേക്ഷിച്ചു. ഞാൻ കുടുംബഭാരം ഏറ്റെടുത്തു. നിറയെ അതിഥികളുമുണ്ടിപ്പോൾ. എൻ്രെ അനുജത്തിമാരും ഈ തൊഴിൽ ചെയ്യുന്നു' - വേശ്യാവൃത്തിയിലേർപ്പെടുന്ന ഷീനയുടെ വാക്കുകളാണിത്.
പാരമ്പര്യം !
മദ്ധ്യപ്രദേശിലെ ദളിത് സമുദായമാണ് ബഞ്ചഡ. നീമുച്ച് ,മൻസോർ,രത്ലാം എന്നിങ്ങനെ മൂന്ന് ജില്ലകളിലായി 72 ഗ്രാമങ്ങളിലാണ് ബച്ചഡകൾ താമസിക്കുന്നത്. 72ൽ 68 ഗ്രാമത്തിലേയും സ്ത്രീകളുടെ ഉപജീവനമാർഗം വേശ്യാവൃത്തി തന്നെയാണ്. 23,000 പേരാണ് ഈ സമുദായത്തിലുള്ളത്. ഇതിൽ 65 ശതമാനം സ്ത്രീകളാണ്. സ്ത്രീ - പുരുഷ അനുപാത നിരക്ക് സന്തോഷം നൽകുന്നതാണെങ്കിലും ഹിതമല്ലാത്തൊരു പ്രവൃത്തിക്കായാണ് സ്ത്രീകളുടെ എണ്ണത്തിലെ വർദ്ധനവെന്നത് സങ്കടകരമാണ്.
വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിൽ 2,000ത്തോളം പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണെന്നതാണ് കൊടുംക്രൂരത. വീട്ടിൽ 'ഈ ' ജോലിക്കായി മാത്രം സജ്ജീകരിച്ചിരിക്കുന്ന തൊഴിലിടങ്ങളുണ്ട്. അച്ഛനോ സഹോദരനോ പിമ്പായി മാറും. പ്രായപൂർത്തിയാകും മുൻപേ, പിതൃത്വം അവകാശപ്പെടാനില്ലാത്ത കുട്ടികൾക്ക് മാതാവാകേണ്ടി വരുന്ന ദുരവസ്ഥയും ഇവർക്കുണ്ട്.
പാരമ്പര്യത്തൊഴിൽ ചെയ്യാൻ മടിക്കുന്നവരെ പഞ്ചായത്ത് കൂടി ശിക്ഷിക്കും! കുടുംബത്തെ സമുദായത്തിൽ നിന്ന് പുറത്താക്കുന്നതാണ് പ്രധാന ശിക്ഷ.
വേശ്യാവൃത്തി പാരമ്പര്യത്തൊഴിലാണെന്ന് ബഞ്ചഡകൾ പറയുന്നു. കൊട്ടാരം നർത്തകികളായിരുന്നു തങ്ങളുടെ പൂർവികരെന്ന് ഇവർ അവകാശപ്പെടുന്നു. പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് പട്ടാളക്കാർക്ക് സേവ ചെയ്യാനായി മദ്ധ്യപ്രദേശിലെത്തിച്ചതാണ് ബഞ്ചഡകളുടെ പൂർവികരെ. ബ്രിട്ടീഷുകാർ ഇന്ത്യവിട്ടതോടെ അതിജീവനത്തിനായി വേശ്യാവൃത്തിലേക്ക് സ്വയം തള്ളപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ ഠാക്കൂർമാരുടെ വീട്ടിൽ ജോലിക്ക് പോയ ഒരു സ്ത്രീയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് വീട്ടുടമയായ ഠാക്കൂറിന് വിറ്റുവെന്നും, ഇതറിഞ്ഞ സ്ത്രീ സമുദായത്തിലെ സ്ത്രീകളെല്ലാം വേശ്യാവൃത്തിയിൽ ഏർപ്പെടട്ടെ, പുരുഷന്മാർ പിമ്പായി മാറട്ടെയെന്ന് ശപിച്ചെന്ന് ഐതീഹ്യം. കഥകളെന്തു തന്നെയായാലും തങ്ങൾ ചെയ്യാത്ത തെറ്റിന്റെ പാരമ്പര്യം പേറി വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടുകയാണ് സമുദായത്തിൽ പിറക്കുന്ന ഒാരോ പെൺകുഞ്ഞും.
കഞ്ചാവ് വിളയുന്ന പാഠങ്ങൾ
മദ്ധ്യപ്രദേശിലെ അറിയപ്പെടുന്ന കഞ്ചാവ് പാടങ്ങളുള്ളതും നീമുച്ച് ,മൻസോർ,രത്ലാം ജില്ലകളിലാണ്. ഭൂരിഭാഗവും, രാഷ്ട്രീയകാരടക്കം വമ്പൻമാരുടെ പാടങ്ങൾ. വാറ്റും സുലഭം. പൊലീസിനും എക്സൈസിനും വേണ്ടത് കവറുകളിലാക്കി സ്റ്റേഷനിലും വീട്ടിലുമെത്തിക്കും. അവ സ്വീകരിക്കാൻ മടിയുള്ളവർക്ക് മൗനം പാലിക്കാം. ശബ്ദിച്ചാൽ കഞ്ചാവ് ചെടികൾക്ക് വളമാകും. ചോദിക്കാനും നിയമം നടപ്പിലാക്കാനും ആരും ഈ ഗ്രാമങ്ങളിൽ എത്താറില്ലെന്നതിന് തെളിവാണ് പതിറ്റാണ്ടുകളായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരസ്യമായി വേശ്യാവൃത്തിയിൽ ഏർപ്പടുത്തുന്നത്. എല്ലാ അർത്ഥത്തിലും ബാലപീഡനങ്ങൾക്കാണ് ഈ ഗ്രാമത്തിലെ പെൺകുട്ടികൾ ഇരയാകുന്നത്. രക്ഷിക്കേണ്ട മാതാപിതാക്കൾ തന്നെയാണ് പിമ്പായി പ്രവർത്തിക്കുന്നത്.
വിൽക്കാനുണ്ട് !
സമുദായത്തിലുള്ള സ്ത്രീകൾക്ക് പുറമേ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പെൺകുട്ടികളെ ഇവിടെ എത്തിച്ച് വിൽക്കാറുണ്ട്. 2014ൽ ഒട്ടേറെ പ്രതിഷേധങ്ങൾക്ക് ശേഷം നീമുച്ച് ഗ്രാമത്തിൽ നടന്ന ഒരു പൊലീസ് റെയ്ഡിൽ പത്തുവയസിൽ താഴെയുള്ള 18 പെൺകുട്ടികളെ ഗ്രാമത്തിൽ കണ്ടെത്തിയിരുന്നു. ഇവർ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്ന് കാണാതായവരായിരുന്നു! ഈ സത്യങ്ങൾക്ക് മുന്നിൽ കാതുപൊത്തേണ്ടി വരുന്നില്ലേ?
രക്ഷിക്കാനുള്ള ശ്രമങ്ങൾ
ബഞ്ചഡകൾക്കിടയിൽ നിലനില്ക്കുന്ന ഈ പാരമ്പര്യത്തൊഴിൽ അവസാനിപ്പിക്കാൻ മനുഷ്യാവകാശപ്രവർത്തകരും സന്നദ്ധസംഘടനകളും പ്രവർത്തിക്കുന്നുണ്ട്. അതിൽ ഒന്നാണ് 'നയി ആഭാ സാമാജിക് ചേതന' സമിതി. സമുദായത്തിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവരായി ആരുമില്ല. സ്കൂളിൽ പോകാത്തവർ 30 ശതമാനം. 35 ശതമാനം പേരും അഞ്ചാംക്ലാസിൽ പഠിത്തം അവസാനിപ്പിച്ചു. 20 ശതമാനം പേരാകട്ടെ പത്താംക്ളാസിൽ പഠിത്തം മുടക്കി. പുതിയ തലമുറയിലെ കുട്ടികളെ സ്കൂളിലെത്തിക്കുകയാണ് സംഘടന ഇപ്പോൾ ചെയ്യുന്നത്. വിദ്യാഭ്യാസം സമുദായത്തിനുള്ളിൽ എത്തിച്ചുള്ള ബോധവത്കരണം.