കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി അമ്മിണി രാഘവൻ എൽ.ഡി.എഫിനും യു.ഡി.എഫിനും പ്രിയങ്കരി.
ഇരു മുന്നണികളും അമ്മിണിയെ പിന്തുണയ്ക്കുകയാണ്. രണ്ടുകൂട്ടരും പ്രത്യേകം ബോർഡുകളും സ്ഥാപിച്ച് പ്രചാരണം തുടങ്ങി. ഒരു ബോർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എന്നാണെങ്കിൽ അടുത്തതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്നാണ്. ഇതോടെ വോട്ടർമാരും കൺഫ്യൂഷനിലായി. ഒരു കൺഫ്യൂഷനും വേണ്ട സ്ഥാനാർത്ഥിയ്ക്ക് വോട്ടു മാത്രം മതിയെന്നാണ് മുന്നണികളുടെ പ്രചാരണം. കുടയാണ് ചിഹ്നം. എൻ.ഡി.എയുടെ അഞ്ജു രാജീവും, ട്വന്റി20 യുടെ പി.ഡി.ശ്രീഷയുമാണ് എതിരാളികൾ.
ജില്ലയിലൊരിടത്തും ഇത്തരത്തിലൊരു സ്ഥാനാർത്ഥിയുണ്ടാകില്ല. വാർഡിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്നാണ് ഇരു മുന്നണികളും സ്വകാര്യമായി പറയുന്നത്. തങ്ങളുടേതാണ് സ്ഥാനാർത്ഥി, പിന്തുണ സംബന്ധിച്ച് ഒരു നീക്കു പോക്കും ഉണ്ടാക്കിയിട്ടില്ലെന്നാണ് എൽ.ഡി.എഫിന്റെ വാദം. അതേ സമയം പ്രാദേശികമായ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് പിന്തുണയെന്ന് യു.ഡി.എഫ് പറയുന്നു. എന്തായാലും ഇരു മുന്നണികളും രണ്ടായി തന്നെ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണം സജീവമാക്കി.