പത്തനംതിട്ട: ബി. ജെ.പിയുടെ ബി ടീമായി സി. പി .എം ചുരുങ്ങിയെന്ന് കെ. പി .സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച തദ്ദേശം 2020 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . എൽ. ഡി. എഫ് സർക്കാരിന് എതിരായ കുറ്റ വിചാരണയായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിലെ ജനങ്ങൾ ആരുടെ കൂടെയാണെന്ന് അപ്പോൾ അറിയാം. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര വിജയം നേടും.
പ്രതിപക്ഷ നേതാക്കളുടെ പേരിൽ ഇപ്പോൾ വിജിലൻസ് കേസുകൾ പൊക്കികൊണ്ടു വരികയാണ് സർക്കാർ. ബി. ജെ. പിയുടെ ഇടപെടൽ ഇതിന് പിന്നിലുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് ഇത്തരം കേസുകൾ പൊടിതട്ടി യെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥലജല വിഭ്രമത്തോടെയാണ് സംസാരിക്കുന്നത്. വൈകിട്ട് വാർത്താ സമ്മേളനത്തിൽ ആദ്യം കുറച്ച് കൊവിഡ് വിവരം പറഞ്ഞതിന് ശേഷം സർക്കാരിന്റെ പദ്ധതികളെക്കുറിച്ചാണ് പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി ഇത് കാണുകയും വിശദീകരണം ചോദിക്കുകയും വേണം. മുഖ്യമന്ത്രിയുടെ അഡീഷണൻ പ്രൈവറ്റ് സെക്രട്ടറി സി .എം രവീന്ദ്രൻ പല രഹസ്യങ്ങളുടെയും കലവറയാണെന്നും യഥാർത്ഥ രോഗം കണ്ടെത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി ഒരു ഒരുക്കങ്ങളും നടത്താൻ സർക്കാരിന് ആയില്ല. ശബരിമലയെ തർക്കുകയാണ് എൽ.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യം. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തിയ പ്രവാസികളുടെ പുനരധിവാസ കാര്യത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. കേരള ബാങ്ക്എന്നത് ഭരണ ഘടന വിരുദ്ധമാണന്നും മുല്ലപ്പള്ളി പറഞ്ഞു.