തൊടിയൂർ: ജോലിക്കിടയിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കടവരാന്തയ്ക്കും കണ്ടെയ്നർ ലോറിക്കും ഇടയിൽ കുടുങ്ങുകയായിരുന്നു പത്രവിതരണക്കാരനായ യൂസഫ് കുഞ്ഞ് (63). കഴിഞ്ഞ ഇരുപത് വർഷമായി തൊടിയൂർ വേങ്ങറയിൽ നിന്ന് പുലർച്ചെ സൈക്കിളിൽ കരുനാഗപ്പള്ളിയിലെത്തി പത്രവിതരണം നടത്തിയാണ് യൂസഫും കുടുംബവും കഴിഞ്ഞിരുന്നത്.
ഇന്നലെ പുലർച്ചെ 5.15ന് പതിവുപോലെ കരുനാഗപ്പള്ളി പെട്രോൾ പമ്പിന് തെക്കുവശത്തെ ദേവസ്വം ബിൽഡിംഗിന്റെ വരാന്തയോട് ചേർന്നുനിന്ന് പത്രം തരംതിരിച്ച് അടുക്കുമ്പോഴാണ് കണ്ടെയ്നർ ലോറി ഡിവൈഡറിന് മുകളിലൂടെ പാഞ്ഞെത്തി പരസ്യ ബോർഡ് സ്ഥാപിച്ചിരുന്ന ഉരുക്ക് പാളം തകർത്ത് കടവരാന്തയിൽ ഇടിച്ചുനിന്നത്. കണ്ടെയ്നറിനും വരാന്തയ്ക്കുമിടയിൽ കുടുങ്ങി ജീവനുവേണ്ടി പിടയുന്ന യൂസഫിനെ ഒന്നര മണിക്കൂറോളം നോക്കി നിൽക്കാൻ മാത്രമേ സഹപ്രവർത്തകർക്കായുള്ളൂ. ആദ്യമെത്തിയ കരുനാഗപ്പള്ളി ഫയർഫോഴ്സ് യൂസഫിനെ പുറത്തെടുക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. വൈകാതെ ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്നർ മാറ്റാൻ നോക്കിയെങ്കിലും അതും പരാജയപ്പെട്ടു. വീണ്ടും ഒരു ക്രെയിൻകൂടിയെത്തിച്ച് ഒരേ സമയം പ്രവർത്തിപ്പിച്ചാണ് കണ്ടെയ്നർ പിന്നിലേക്ക് നീക്കിയത്. അപ്പോഴേക്കും യൂസഫിന്റെ കാലുകൾ തകർന്നിരുന്നു. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാഹനം ഡിവൈഡറിൽ കയറിയപ്പോൾ തന്നെ പന്തികേട് മനസിലാക്കിയ പലരും പ്രാണരക്ഷാർത്ഥം ഓടിമാറി. പക്ഷെ യൂസഫ് കുഞ്ഞിന് രക്ഷപ്പെടാനായില്ല. പുലർച്ചെ പത്രഏജന്റുമാരും വിതരണക്കാകാരും ഒത്തുകൂടുന്ന കരുനാഗപ്പള്ളിയിലെ പ്രധാന കേന്ദ്രമാണിവിടം. സംഭവം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് പലരും വന്നു പോയത്. മുച്ചക്ര വാഹനത്തിൽ സഞ്ചരിച്ച് പത്രവിതരണം നടത്തുന്ന ഏജന്റ് ശശിധരൻപിള്ളയും ഇവിടെയിരുന്നാണ് പത്രം അടുക്കിയെടുക്കുന്നത്. ഇദ്ദേഹം എത്തുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപായിരുന്നു അപകടം. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ കൊവിഡ് ടെസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. യൂസഫ് കുഞ്ഞിന്റെ വസതിയിലും കുടുംബവീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം രാത്രി ഏഴരയോടെ വെളുത്തമണൽ ജമാഅത്ത് പള്ളിയിൽ കബറടക്കി.