കോട്ടയം: കെ.എസ്.ആർ.ടി.സി ബസിൽ അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈക്കത്താണ് സംഭവം. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വെച്ചൂർ ചേരകുളങ്ങര കിഴക്കേപുലപ്പള്ളിൽ പി.പി അനിലിനെയാണ് (36) വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പെൺകുട്ടി സ്ഥിരമായി ഈ ബസിലാണ് യാത്രചെയ്തിരുന്നത്. മിക്കപ്പോഴും ഇയാൾ ടിക്കറ്റ് കൊടുക്കുമ്പോഴും ചില്ലറ വാങ്ങുമ്പോഴും അറിയാത്ത രീതിയിൽ പെൺകുട്ടിയോട് ചേർന്ന് നില്ക്കും. പെൺകുട്ടി മാറിനിന്നാലും ഇയാൾ അടുത്തെത്തും. ഒന്നുരണ്ടു പ്രാവശ്യം പെൺകുട്ടി മുന്നറിയിപ്പ് നല്കിയെങ്കിലും ഇയാൾ പിന്മാറാൻ തയാറായില്ല. കഴിഞ്ഞദിവസം ടിക്കറ്റ് നല്കി പണം വാങ്ങുമ്പോൾ ഇയാളുടെ കൈ പെൺകുട്ടിയുടെ മാറത്ത് മുട്ടുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരമറിയിച്ചു. തുടർന്നാണ് പിതാവ് വെള്ളൂർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഇയാളെ പിടികൂടുകയായിരുന്നു. ബസ് കുഴിയിൽ വീണപ്പോൾ അറിയാതെ കൈ മുട്ടിയതാണെന്നാണ് കണ്ടക്ടറുടെ വിശദീകരണം.