ലണ്ടൻ: ഡയാന രാജകുമാരിയുടെ പ്രസിദ്ധമായ ബ്ലാക്ക് ഷീപ്പ് സ്വെറ്റർ വീണ്ടും വിപണിയിലെത്തി. ചുവന്ന നൂലിൽ നെയ്ത, ക്രൂ നെക്കുള്ള സ്വെറ്ററിൽ നിറയെ വെള്ള ആടുകളുടെ ചിത്രമുണ്ട്. മുൻഭാഗത്ത് ഒരു കറുത്ത ആടിന്റെ ചിത്രവുമുണ്ട്.ബ്രിട്ടീഷ് ഡിസൈനേഴ്സായ വാം ആൻഡ് വണ്ടർഫുൾ ആണ് 1979ൽ ഈ സ്വെറ്റർ ഡയാനയ്ക്കു വേണ്ടി തയ്യാറാക്കിയത്. ഈ സ്വെറ്റർ ധരിച്ച ഡയാനയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബ്ലാക്ക് ഷീപ്പ് സ്വെറ്ററിന് ആവശ്യക്കാർ ഏറെ എത്തി. വെള്ള ആടുകളിൽ നിന്ന് ഒറ്റതിരിഞ്ഞു നിൽക്കുന്ന കറുത്ത ആട് ഡയാന രാജകുമാരിയാണെന്ന് വരെയായിരുന്നു പലരുടെയും കണ്ടെത്തൽ.
ഡയാന ധരിച്ച സ്വെറ്റർ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തെ ആധാരമാക്കി നിർമ്മിച്ച നെറ്റ്ഫ്ലിക്സ് സീരീസായ ദി ക്രൗൺ പുറത്തിറങ്ങിയതോടെയാണ് ആളുകൾ വീണ്ടും ഈ സ്വെറ്റർ അന്വേഷിച്ചു തുടങ്ങിയതെന്നാണ് ഡിസൈനേഴ്സ് പറയുന്നത്. 295 ഡോളറിന് (22,000 ഇന്ത്യൻ രൂപ) സ്വെറ്റർ മുൻകൂറായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഡിസൈനേഴ്സ് ഒരുക്കിയിട്ടുണ്ട്.