തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറിനുള്ളിൽ പഞ്ഞി അകപ്പെട്ട സംഭവത്തിൽ ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. ആശുപത്രി സൂപ്രണ്ടാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വലിയതുറ സ്വദേശി അൽഫിന അലിയാണ് (22) ഡോക്ടറുടെ കൈപ്പിഴയെ തുടർന്ന് ദുരിതമനുഭവിക്കുന്നത്. പഞ്ഞി യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയത് വലിയ വിവാദമായിരുന്നു.
യുവതിയുടെ കുടുംബം ആശുപത്രിയിൽ പരാതി നൽകിയിട്ടില്ലെന്നും തുടർചികിത്സയ്ക്ക് മറ്റ് ആശുപത്രിയെ സമീപിച്ചതിനാൽ യുവതി നേരിട്ട ആരോഗ്യപ്രശ്നങ്ങളെപ്പറ്റി അറിഞ്ഞിട്ടില്ലെന്നും ഡി.എം.ഒയ്ക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. തുടർനടപടികൾക്കായി റിപ്പോർട്ട് ആരോഗ്യവകുപ്പിന് നൽകി.
അൽഫിനയുടെ പിതാവ് അലി തമ്പാനൂർ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.