ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറെന്ന് പുനർ നാമകരണം ചെയ്യുമെന്നാണ് ഗ്രേറ്റർ ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ യോഗി പറഞ്ഞത്. ഉത്തർ പ്രദേശിൽ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോൾ ഫൈസാബാദിനെ അയോദ്ധ്യയെന്നും അലഹബാദിനെ പ്രയാഗ് രാജെന്നും പുനർനാമകരണം ചെയ്തു. അതുപോലെ ഹൈദരാബാദിന്റെയും പേരുമാറ്റും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശാനുസരണം ആഭ്യന്തര മന്ത്രി അമിത് ഷാ 370-ാം അനുച്ഛേദം റദ്ദാക്കിയതിനാൽ ഹൈദരാബാദിലെയും തെലങ്കാനയിലെയും ആളുകൾക്ക് ജമ്മു കാശ്മീരിൽ ഭൂമി വാങ്ങാൻ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും യോഗി പറഞ്ഞു. ഡിസംബർ ഒന്നിനാണ് ഹൈദരാബാദിലെ 150 വാർഡുകളിൽ തിരഞ്ഞെടുപ്പ്. ഫലം നാലിന് വരും.