കൊലപാതകം മൂന്നു നാൾ മുൻപ് അടുക്കളയിൽ സൂക്ഷിച്ച മൃതദേഹം കുഴിച്ചിട്ടത് ഇന്നലെ
വിതുര: സൃഹൃത്തിനെ വീട്ടിൽ വച്ച് തലയ്ക്കടിച്ച് കൊന്ന് മൃതദേഹം അടുക്കളയിൽ സൂക്ഷിച്ചു. പിടിക്കപ്പെടുമെന്നായപ്പോൾ കട്ടിലിനടിയിൽ കുഴിച്ചിട്ട ശേഷം മുങ്ങി. വിതുര പട്ടൻകുളിച്ചപാറയിലാണ് നാടിനെ നടുക്കിയ സംഭവം.
പട്ടൻകുളിച്ചപാറ കൊച്ചുകരിക്കകത്തിൽ തിരുവന്റെയും നാരായണിയുടെയും മകൻ മാധവനാണ്(55) മരിച്ചത്. സുഹൃത്ത് വേമ്പുര തടത്തരികത്ത് വീട്ടിൽ താജുദ്ദീനെ (60) പൊലീസ് തെരയുന്നു.
മൂന്ന് ദിവസം മുൻപാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്കു താമസിക്കുന്ന താജുദ്ദീന്റെ വീട്ടിൽ നിത്യ സന്ദർശകനാണ് മാധവൻ. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവിധ കേസുകളിൽ പ്രതികളുമാണ്. മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായി മാധവനെ അടിച്ചു കൊന്നതാവാമെന്ന് പൊലീസ് കരുതുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുമുണ്ട്. സംഭവദിവസം വീട്ടിൽ ബഹളം കേട്ടതായി പരിസരവാസികൾ പറയുന്നു.
ഇന്നലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചെന്ന് നോക്കിയപ്പോൾ അടുക്കള ഭാഗത്ത് രക്തം കെട്ടിക്കിടക്കുന്നതു കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് വിതുര പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിലാണ് കട്ടിലിനടിയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മാധവന്റെ ശരീരം പകുതി അഴുകിയ നിലയിലാണ്. അടുക്കളയിൽ കിടന്ന് അഴുകിയ മൃതദേഹം ഇന്നലെ രാവിലെ കുഴിച്ചിട്ടതാവാമെന്നു കരുതുന്നു. അടുക്കളയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതിനിടെ അടർന്നുമാറിയ മുടിയും മാംസവും അവിടവിടയായി കിടപ്പുണ്ടായിരുന്നു.
ഇന്നലെ രാവിലെയും താജുദ്ദീനെ വീട്ടിൽ കണ്ടവരുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ വന്നു നോക്കിയതോടെ അപകടം മണത്ത താജുദ്ദീൻ മൃതദേഹം കുഴിച്ചിട്ട ശേഷം രക്ഷപ്പെട്ടതാവാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.
താജുദ്ദീനെ പിടികൂടാൻ ഉൗർജിതാന്വേഷണം നടക്കുന്നതായി വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്തും സബ് ഇൻസ്പെക്ടർ എസ്.എൽ.സുധീഷും പറഞ്ഞു.
റൂറൽ എസ്.പി അശോക്കുമാറും ഡിവൈ.എസ്.പി ഉമേഷും സംഭവസ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.