കോട്ടയം: 'കെ.എസ്.ആർ.ടി ബസിന്റെ പിൻവാതിലും വശവും ചേർന്നുള്ള ചിത്രത്തിൽ പി.കെ. പ്രദീപ് ഇങ്ങനെ കുറിക്കുന്നു, 'ഈ സ്റ്റോപ്പിൽ ഇറങ്ങുവാണ്. കൂടെക്കാണണേ....". ചുവപ്പ് ഷർട്ടും ചുവന്ന ബോർഡറുള്ള മുണ്ടുമുടുത്ത് ബസിന്റെ പിൻ വാതിലൂടെ ഇറങ്ങുന്ന താടിക്കാരന്റെ വോട്ടഭ്യർത്ഥിച്ചുള്ള ഈ വേറിട്ട പോസ്റ്ററുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാണ്. ബസിന്റെ വാതിൽപ്പടിക്ക് മുകളിൽ പുഞ്ചവയൽ ഡിവിഷൻ എന്നുമുണ്ട്.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ ഇടതു സ്ഥാനാർത്ഥിയാണ് പി.കെ. പ്രദീപ്. കരിനിലം പ്രദീപ് ഭവനിൽ പി.കെ. പ്രദീപ് പത്തു വർഷമായി എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോ ഡ്രൈവറായിരുന്നു. ജോലി രാജിവച്ച് സ്ഥാനാർത്ഥിയായപ്പോൾ തനിക്കും കുടുംബത്തിനും അന്നം തന്ന കെ.എസ്.ആർ.ടി.സിയെ മറക്കാതെ നെഞ്ചോട് ചേർത്ത് പോസ്റ്ററിൽ ഉപയോഗിക്കുകയായിരുന്നു. ബസിലെ സീറ്റിലിരുന്ന് 'ഞാൻ ബ്ലോക്കിലോട്ടാ" എന്ന് നിറചിരിയോടേ പറയുന്ന പ്രദീപിന്റെ മറ്റൊരു പോസ്റ്ററും ഹിറ്റാണ്.
പരമ്പരാഗത പോസ്റ്ററിന് പകരമുള്ള 'കെ.എസ്.ആർ.ടി.സി പോസ്റ്ററിന്" ലൈക്കുകൾ കുമിഞ്ഞു കൂടുകയാണെന്നും ഇതിന്റെ ആശയവും ഫോട്ടേയെടുപ്പും എഡിറ്റിംഗുമൊക്കെ ആത്മ സുഹൃത്തുക്കളുടേതാണെന്നും പ്രദീപ് പറയുന്നു. ഡി.ഐ.എഫ്.ഐയിലൂടെ പൊതു രംഗത്തെത്തിയ പ്രദീപ് സി.പി.എം മുണ്ടക്കയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. ഭാര്യ മഞ്ചു തൊടുപുഴ ഇലക്ടിക്കൽ ഇൻസ്പെക്ടേഴ്സ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരിയാണ്