ലണ്ടൻ: ഇന്ത്യക്കാരുടെ അഭിമാനമായ ബ്രിട്ടീഷ് ധനമന്ത്രിയായ ഋഷി സുനാക്കിന്റെ ഭാര്യ അക്ഷത മൂർത്തിയാണ് ഇപ്പോൾ യു.കെ മാദ്ധ്യമങ്ങളിൽ താരം. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള ഋഷി സുനാക്കിന്റെ പ്രിയതമ, സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയെപ്പോലും പിന്നിലാക്കിയിരിക്കയാണ്.
430 മില്യൺ പൗണ്ടാണ് അക്ഷതയുടെ ആസ്തി. എലിസബത്ത് രാജ്ഞിയുടെ പ്രഖ്യാപിത ആസ്തി 350 മില്യൺ പൗണ്ടാണ്. ഇതുവരെ രാജ്യത്തെ വനിതകളിൽ ഏറ്റവും സമ്പന്നയായിരുന്ന എലിസബത്ത് രാജ്ഞിയെക്കാൾ ഇന്ത്യക്കാരിയായ അക്ഷത മുന്നിലെത്തിയെന്നാണ് സൺഡെ ടൈംസ് പുറത്തുവിട്ട രാജ്യത്തെ സമ്പന്നരുടെ പട്ടിക വ്യക്തമാക്കുന്നത്.
ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകളാണ് അക്ഷത. കുടുംബസ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തമാണ് അക്ഷതയെ ബ്രിട്ടീഷ് രാജ്ഞിയെക്കാൾ സമ്പന്നയാക്കുന്നത്. ഇൻഫോസിസിൽ 0.91 ശതമാനം ഷെയറുകളാണ് അക്ഷതയ്ക്കുള്ളത്. കൂടാതെ, ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനിടെ പരിചയത്തിലായ സുനാകും അക്ഷതയും 2009ൽ വിവാഹിതരായി. രണ്ട് പെൺമക്കളുണ്ട്.