മൂലമറ്റം: അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. എം.ജെ. ജേക്കബിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റത്ത് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണ് ഈ സർക്കാർ സംസ്ഥാനത്തിനുണ്ടാക്കി വച്ചിരിക്കുന്നത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി പാർട്ടി പ്രവർത്തകരെ തിരികു കയറ്റി തൊഴിൽ അന്വേഷിക്കുന്ന യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും കടുത്ത പ്രതിസന്ധിയാണ്. പൊതു മേഖലയെ നഷ്ടത്തിലാക്കിയും പിൻവാതിൽ നിയമനം നടത്തിയും ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയെയും താറുമാറാക്കിയ ഒരു സർക്കാരാണിതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, സ്ഥാനാർത്ഥി പ്രൊഫ. എം.ജെ. ജേക്കബ്, മാർട്ടിൻ മാണി, ഇമ്മാനുവൽ ചെറുവള്ളാത്ത്, സാം ജോർജ് എന്നിവർ പ്രസംഗിച്ചു.