തൃപ്പൂണിത്തുറ: എതിരാളിയുടെ ഗോൾ മുഖത്ത് ഫുട്ബാളിനെ ചാട്ടുളിയാക്കി ഗോളുകളടിച്ച് കൂട്ടുന്ന തൃപ്പൂണിത്തുറയുടെ "കറുത്തമുത്ത്" എ.വി. ബൈജു തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോൾ വിജയം മാത്രമാണ് മനസിൽ തെളിഞ്ഞത്. തൃപ്പൂണിത്തുറ നഗരസഭയുടെ 34-ാം വാർഡിൽ നിന്നാണ് വി. ഫോർ തൃപ്പൂണിത്തുറയുടെ പ്രതിനിധിയായി ബൈജു മത്സരിക്കുന്നത്. തന്റെ ചിഹ്നമായ ഫുട്ബാളുമായി വീടുകളിലെത്തിയാണ് വോട്ടർമാർക്കിടയിലെ ബൈജുവിന്റെ പ്രചാരണം.
പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് കായിക രംഗത്തെത്തിയത്. ആദ്യം അത്ലറ്റ് ഇനങ്ങളിലായിരുന്നു താത്പര്യം. പിന്നീട് ഫുട്ബാളിൽ പരിശീലനം തുടങ്ങി. ദേശീയ കോച്ച് രവീന്ദ്രനാണ് തന്നിലെ കാൽപ്പന്തുകളിക്കാരനെ കണ്ടെത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഭഗത് സോക്കറിലെ പ്രധാന കളിക്കാരനായ എ.വി. ബൈജു കേരള ഫുട്ബാൾ അസോസിയേൻ അംഗീകാരമുള്ള മികച്ച റഫറി കൂടിയാണ്. കർണാടകയിൽ നടന്ന രാജീവ്ഗാന്ധി ഇൻവിറ്റേഷൻ കപ്പ്, ലക്ഷദ്വീപ് അഡ്മിനിസ്റ്റർ ട്രോഫി, മലപ്പുറത്ത് നടന്ന ഓൾ ഇന്ത്യ പൊലീസ് ടൂർണമെന്റ്, റിലയൻസ് കപ്പ് എന്നിവയുടെ റഫറിയായിരുന്നു.
നിരവധി കുട്ടികൾക്ക് സൗജന്യമായി ഫുട്ബാൾ പരിശീലനവും നൽകുന്നുണ്ട്. നാട്ടിലെയും നഗരങ്ങളിലേയും കളിക്കളങ്ങളിലൂടെ ഫുട്ബാളുമായുള്ള പാച്ചിലിൽ ജീവിതം തന്നെ മറന്നുപോയ കായികതാരം കൂടിയാണിദ്ദേഹം. ഇപ്പോഴും അവിവാഹിതൻ. അമ്മ സതിക്കും സഹോദരൻ ഷൈജുവിനുമൊപ്പം മാർക്കറ്റ് റോഡിലെ വീട്ടിലാണ് താമസം. എൽ.ഡി.എഫിലെ യു.കെ. പീതാംബരനും യു.ഡി.എഫിലെ പുഷ്കരനും ബി.ജെ.പിയിലെ രാജൻ പനയ്ക്കലുമാണ് വാർഡിലെ മറ്റു മത്സരാർത്ഥികൾ.