കൊല്ലത്ത് നിന്ന് ഗ്രാമീണ സർവീസുകൾ നാളെ മുതൽ
കൊല്ലം: കൊവിഡ് കാരണം കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ റദ്ദാക്കിയ ഗ്രാമീണ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു. രണ്ടാഴ്ചയായി ശരാശരി 48 സർവീസുകളാണ് കൊല്ലം ഡിപ്പോയിൽ നിന്ന് നടത്തിയിരുന്നത്. നാളെ മുതൽ ഇത് 60 ആയി ഉയരും. കൊവിഡിന് മുൻപ് ശരാശരി 87 സർവീസുകളാണ് കൊല്ലം ഡിപ്പോയിൽ നിന്ന് ഉണ്ടായിരുന്നത്.
ലോക്ക് ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ചത് മുതൽ ഇതുവരെ നഗരമേഖലയിലാണ് കൂടുതൽ സർവീസുകളും നടത്തിയിരുന്നത്. അതുകൊണ്ട് ഗ്രാമപ്രദേശങ്ങളിൽ യാത്രക്ലേഷം രൂക്ഷമായിരുന്നു. പരാതികൾ വ്യാപകമായതോടെയാണ് ഗ്രാമീണ സർവീസുകൾ പുനരാരംഭിക്കുന്നത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസുകളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽ നിന്ന് നിലവിൽ 27 ഫാസ്റ്റ് പാസഞ്ചറുകളാണ് തിരുവനന്തപുരം ഭാഗത്തേക്ക് ഇപ്പോൾ സർവീസ് നടത്തുന്നത്.
പുനരാരംഭിക്കുന്ന പ്രധാന സർവീസുകൾ
കൊല്ലം- വെളിയം
കൊല്ലം- കരീപ്ര
കൊല്ലം- ചീരങ്കാവ്, പുത്തൂർ വഴി അടൂർ
കൊല്ലം- കുണ്ടറ, കുമ്പളം
വരുമാന കുതിപ്പ്
കൊല്ലം അടക്കമുള്ള ജില്ലയിലെ എല്ലാ ഡിപ്പോകളിലെയും വരുമാനം ഉയർന്നു. കൊല്ലം ഡിപ്പോയിൽ കൊവിഡിന് മുൻപ് 30 രൂപയായിരുന്നു ഇ.പി.കെ.എം (ഏണിംഗ്സ് പെർ കിലോമീറ്റർ). ഇപ്പോൾ അത് 40 ആയി ഉയർന്നു. നേരത്തെ 9 ലക്ഷം രൂപയായിരുന്നു ശരാശരി വരുമാനം. ഇപ്പോൾ യാത്രക്കാരെ ഇരുത്തി മാത്രമാണ് സർവീസെങ്കിലും ശരാശരി വരുമാനം 6 ലക്ഷത്തിലേക്ക് ഉയർന്നു. മറ്റ് ഡിപ്പോകളിലും സമാനമായ നേട്ടമുണ്ട്. ഡീസൽ ഉപഭോഗത്തിലും കുറവുണ്ട്.
ക്രിസ്മസ്- പുതുവത്സര പ്രത്യേക സർവീസ്
ക്രിസ്മസ്, പുതുവത്സര കാലത്ത് സ്വകാര്യ ബസുകൾ യാത്രക്കാരെ കൊള്ളയടിക്കുന്നത് തടയാൻ ജില്ലയിലെ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങി. സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളാകും കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, കൊല്ലം ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റുകളിൽ നിന്ന് ആവശ്യമുള്ള ബസുകളുടെ കണക്ക് ശേഖരിച്ച് തുടങ്ങി. ബംഗളൂരു, മധുര, തെങ്കാശി, കോഴിക്കോട്, പാലക്കാട് മാനന്തവാടി ഭാഗങ്ങളിലേക്കാണ് പ്രത്യേക സർവീസിന് സാദ്ധ്യത.